മട്ടന്നൂർ വിമാനത്താവള റോഡ്‌ വികസനം: കൊട്ടിയൂർ പഞ്ചായത്ത് തല യോഗം ചേർന്നു

നിർദിഷ്ട്ട മട്ടന്നൂർ - മാനന്തവാടി എയർപോർട്ട് റോഡ് വികസനം കൊട്ടിയൂർ പഞ്ചായത്ത് തല യോഗം നടന്നു.  വിമാനതാവള റോഡ് വികസനത്തിൽ ബാധകമാകുന്ന ഇരുവശങ്ങളിലും താമസിക്കുന്ന പ്രദേശവാസികളുടെ  ആശങ്കകളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനായാണ് യോഗം ചേർന്നത്.
 കൊട്ടിയൂര്‍ സെന്റ്  സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍  ചേർന്ന യോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനത്തിന്റെ  ഭാഗമായാണ് മട്ടന്നൂര്‍ മുതല്‍ മാനന്തവാടി വരെയുള്ള 63.5 കിലോമീറ്റര്‍ റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. റോഡ് വികസനം പൂര്‍ത്തിയാകുമ്പോള്‍ സ്ഥലവും വീടും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടുന്നവര്‍ക്കുള്ള ആശങ്കകളും, നിര്‍ദ്ദേശങ്ങളും പങ്കുവയ്ക്കുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തത്. റോഡിനായി സ്ഥലവും വീടും ഉള്‍പ്പെടെയുള്ള സ്വത്ത് ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരത്തിനായി വരുന്ന കാലതാമവും ഇതേകുറിച്ചുള്ള ആശങ്കകളുമാണ് പ്രധാനമായും യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചത്. റോഡ് വികസനത്തിന് എതിരല്ല എങ്കിലും പദ്ധതിക്കായി സ്ഥലം ഏറ്റെടുത്താല്‍ കാലതാമസം കൂടാതെ നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും ഇതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് യോഗത്തിനെത്തിയവര്‍ മുന്നോട്ടുവച്ചത്. തുടര്‍ പ്രവര്‍ത്തനത്തിനായി  201 അംഗ  കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ സി.എ രാജപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ആമക്കാട്ട്,ഫാ സാബു മാപ്ലശേരി,ജില്‍സ് എം മേക്കല്‍, റെജി കന്നുകുഴി എന്നിവര്‍ സംസാരിച്ചു..