അറുക്കാന്‍ കൊണ്ടുവന്ന എരുമ വിരണ്ടോടി; പുലിവാലുപിടിച്ച്‌ നാട്ടുകാര്‍

കാഞ്ഞിരപ്പള്ളി: അറുക്കാന്‍ കൊണ്ടുവന്ന എരുമ വിരണ്ടോടിയതോടെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നടന്നത് യഥാര്‍ത്ഥ ജെല്ലിക്കെട്ട്. കയറുപിടിച്ച്‌ ദേശീയ പാതയിലൂടെ മൂന്നുകിലോമീറ്ററോളം ഓടിയ എരുമ നാട്ടുകാരെ ഭീതിയിലും കുഴപ്പത്തിലുമാക്കി.

വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്കാണ് സംഭവം ഉണ്ടായത്. അറുക്കാന്‍ കൊണ്ടുവന്ന എരുമയെ പാടത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ കയറുപൊട്ടിച്ച എരുമ പടകവല കടന്ന് കോട്ടയം ടൗണിനെ ലക്ഷ്യമാക്കി ഓടുകയായിരുന്നു. ഓടിയ എരുമയെ പിടിച്ചുകെട്ടാന്‍ ഉടമയും സഹായികളും ബൈക്കില്‍ പിറകേ പോയി. കുരിശുങ്കല്‍ ജംഗ്ഷനില്‍ വച്ച്‌ കയറില്‍ പിടുത്തം കിട്ടിയെങ്കിലും പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല.

വിരണ്ടോടിയ എരുമയെ കാണാനായി നാട്ടുകാര്‍ ഓടിക്കൂടി. ഇതോടെ എരുമ ഓട്ടത്തിന്റെ വേഗം കൂട്ടുകയായിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി എകെജെഐ സ്‌കൂളിന് സമീപം എരുമയുടെ കഴുത്തും കാലും കെട്ടി വണ്ടിയില്‍ കയറ്റുകയായിരുന്നു. വിരണ്ടോടിയ എരുമയും എരുമയെ മെരുക്കാന്‍ പോയ നാട്ടുകാരും കൂടി 15 മിനിറ്റോളമാണ് ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിച്ചത്.