കലക്ടറുടെ ഇടപെടല്‍: ജില്ലയിലെ 1676 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്
ജില്ലയിലെ പട്ടികവര്‍ഗക്കാരായ 1676 കുടുംബങ്ങള്‍ക്ക് പുതുതായി റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ നടപടിയായി. കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. രണ്ടും മൂന്നും കുടുംബങ്ങള്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് മാത്രമുള്ളത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ റേഷന്‍ സാധനങ്ങള്‍ ലഭിക്കാന്‍ തടസ്സമാകുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഇടപെട്ടത്. ഇവര്‍ക്ക് അന്ത്യോദയ അന്നയോജന (എഎവൈ) കാര്‍ഡ് പ്രകാരമുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന് കാണിച്ച് ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കും കലക്ടര്‍ കത്തയച്ചിട്ടുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളെ ഉപകുടുംബങ്ങളായി കണക്കാക്കി പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കും. നവംബര്‍ 19ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വയനാട് ജില്ലയിലെ കോളനികളില്‍ ഉപകുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുവാന്‍ തീരുമാനമെടുത്തിരുന്നു. കണ്ണൂര്‍ ജില്ലയിലെ 1676 ഉപകുടുംബങ്ങള്‍ക്കും ഈ പരിഗണന നല്‍കി പ്രത്യേക റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്ന് ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലയിലും പ്രത്യേക റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ തീരുമാനമായത്. കണ്ണൂര്‍ ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കുകൂടി ഈ തീരുമാനം ബാധകമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. റെയില്‍വെ, റോഡ് പുറമ്പോക്കുകളില്‍ കഴിയുന്ന പൊതുവിഭാഗത്തിലെ കുടുംബങ്ങള്‍ക്ക് വീടില്ലെങ്കിലും പ്രത്യേക കേസായി കാര്‍ഡ് അനുവദിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
0 Comments