വലയ സൂര്യഗ്രഹണം: ജില്ലയിലേക്ക് ആയിരങ്ങള്‍ എത്തും സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ശാസ്ത്ര വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തും. ലൈബ്രറി കൗണ്‍സിലിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ 25 മുതല്‍ നടക്കുന്ന ക്യാമ്പുകളില്‍ ഇവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പൂര്‍ണ വലയ സൂര്യഗ്രഹണവും മറ്റ് ജില്ലകളില്‍ ഭാഗിക സൂര്യഗ്രഹണവുമാണ് ദൃശ്യമാകുക. 25ന് രാത്രി നക്ഷത്ര നിരീക്ഷണ ക്യാമ്പുകളോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ജില്ലയില്‍ നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം കൂടാളിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. 26ന് രാവിലെ എട്ട് മുതല്‍ 11 വരെയാണ് ജില്ലയിലെമ്പാടും സൂര്യഗ്രഹണം ദൃശ്യമാകുക. 9.24ന് വലയ സൂര്യഗ്രഹണം തുടങ്ങും. 9.26ന് ദൃശ്യമാകുന്ന പൂര്‍ണ വലയ സൂര്യഗ്രഹണം 9.28ന് അവസാനിക്കും. 11.05ന് സൂര്യഗ്രഹണം അവസാനിക്കും. ഓരോ പ്രദേശത്തിനനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകും. കലക്ട്രേറ്റ് മൈതാനിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരങ്ങള്‍ ഒത്തുചേരും. സോളാര്‍ കണ്ണടകള്‍ ഉപയോഗിച്ച് മാത്രമേ സൂര്യഗ്രഹണം വീക്ഷിക്കാവൂ. സാധാരണയായി നാം സൂര്യനെ നോക്കിയാല്‍ നമ്മുടെ കണ്‍പോളകള്‍ അടഞ്ഞ് കണ്ണിനെ സംരക്ഷിക്കും. എന്നാല്‍ സൂര്യഗ്രഹണ സമയത്ത് പ്രകാശത്തിന്റെ തീവ്രത കുറവായതിനാല്‍ നാം കൂടുതല്‍ സമയം സൂര്യനെ തന്നെ നോക്കാനുള്ള സാധ്യതയുണ്ട്. അത് കാഴ്ച നഷ്ടപ്പെടുന്നതിന് ഇടയാക്കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കണ്ണിലെ റെറ്റിനയെ ബാധിക്കുമെന്നതിനാല്‍ ഭാഗികമായോ പൂര്‍ണമായോ കാഴ്ച നഷ്ടപ്പെട്ടേക്കാം. ജില്ലയിലെ ലൈബ്രറികളില്‍ നിന്നും പരിഷത്ത് യൂനിറ്റുകളില്‍ നിന്നും സോളാര്‍ കണ്ണടകള്‍ ലഭിക്കും.
0 Comments