മയക്കുമരുന്ന് വിതരണം തടഞ്ഞു, മാധ്യമപ്രവര്‍ത്തകന് കഞ്ചാവ് സംഘത്തിന്‍റെ കുത്തേറ്റു
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്‍ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് കുത്തേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സുധീഷ് അപകട നില തരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പത്രപ്രവര്‍ത്തകന് നേരെയുള്ള, കഞ്ചാവ് സംഘത്തിന്റെ കൊലപാതക ശ്രമം നടന്നത്. കൃഷ്ണപുരത്തെ സുധീഷിന്റെ അയല്‍വാസികളുടെ നേതൃത്വത്തില്‍ നടന്ന കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതാണ് വീട് കയറിയുള്ള അക്രമത്തില്‍ കലാശിച്ചത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സഹോദരന്‍ സുനീഷിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാതാപിതാക്കളായ താമരാക്ഷന്‍, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു സുധീഷിന് നേരെയുള്ള അക്രമണം. സമീപവാസിയായ ചന്ദ്രന്‍, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം. അക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അപലപിച്ചു.


0 Comments