വിവാഹ വാര്‍ഷികം കാരുണ്യത്തിന്റെ സ്നേഹ വീട് നല്കി ദമ്പതികള്‍.
കൊട്ടിയൂർ:
കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി പോൾ കണ്ണന്താനവും , സാലിയും തങ്ങളുടെ വിവാഹത്തിന്റെ 25-ാം വാർഷികം ആഘോഷിച്ചത് വേറിട്ട രീതിയിലാണ്.ആർഭാട ആഘോഷങ്ങൾ ഒഴിവാക്കി പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ച് നല്കാൻ തീരുമാനിക്കുകയായിരുന്നു. അര്‍ഹതപ്പെട്ട കുടുംബത്തെ കണ്ടെത്താന്‍ കൊട്ടിയൂർ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കൊട്ടിയൂര്‍ അമ്പലക്കുന്ന് സ്വദേശി തെക്കേപറമ്പത്ത് ദേവകിയമ്മയ്ക്കാണ് ഇതനുസരിച്ച് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീട് നിര്‍മാണത്തിനായി 5 ലക്ഷം രൂപയാണ് പോള്‍ കണ്ണന്താനവും ഭാര്യ സാലി പോളും കുടുംബത്തിന് നല്‍കിയത്. വീട് നിര്‍മാണത്തിനായി വിവിധ സന്നദ്ധ സംഘടനകളും കൈകോര്‍ത്തതോടെ എട്ടു ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 900 സ്ക്വയർ ഫീറ്റുള്ള നാലു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഇത് രണ്ടാം തവണയാണ് പോള്‍ ഇത്തരത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്നത്. രണ്ടുവര്‍ഷം മുന്‍പ് വെള്ളൂന്നിയിലെ പരേതനായ പാലമറ്റം സണ്ണിയുടെ കുടുംബത്തിനാണ് ആദ്യം വീടുവച്ചു നല്‍കിയത്. സണ്ണി ജോസഫ് എംഎൽഎ സ്‌നേഹവീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍, വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് ആമക്കാട്ട്, പഞ്ചായത്തംഗങ്ങളായ ജോര്‍ജ് തുമ്പന്‍ത്തുരുത്തിയില്‍, എം.വി ചാക്കോ, ജോസ് തടത്തില്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് പി സി രാമകൃഷ്ണന്‍, മാത്യു പറമ്പൻ , പോള്‍ കണ്ണന്താനം ഭാര്യ സാലി പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചുങ്കക്കുന്ന് പൊന്നി കണ്‍സ്ട്രക്ഷന്‍ ഉടമയാണ് പോള്‍ കണ്ണന്താനം.


0 Comments