സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണം
ശബരിമല: മുന്‍കരുതലിന്റെ ഭാഗമായി സന്നിധാനത്ത് ഇന്നു രാത്രി നടയടയ്‌ക്കുംവരെ കൂടുതല്‍ സുരക്ഷാ ക്രമീകരണം നിലനില്‍ക്കുമെന്ന് സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ആചാരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമാകും നിയന്ത്രണം. വി.വി.ഐ.പി. ദര്‍ശനം നിരുത്സാഹപ്പെടുത്തും. ഇന്ന് പതിനെട്ടാംപടി കയറി സോപാനത്ത് ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടയ്‌ക്കാന്‍ അനുവദിക്കില്ല. മാളികപ്പുറത്തേക്ക് പോകുന്നവഴി നെയ്‌ത്തോണിയില്‍ തേങ്ങയുടയ്‌ക്കാം.
സന്നിധാനത്ത് ഹൈപോയിന്റ് ബൈനോക്കുലര്‍ മോണിറ്ററിങ് ഉണ്ടാവും. ആകാശ നിരീക്ഷണം നടത്തിയിട്ടുണ്ട്. സന്നിധാനത്ത് എല്ലായിടത്തും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പ്രത്യേക പരിശോധന ഉണ്ടായിരിക്കും. എല്ലാ വകുപ്പുകളുടെയും സേവനത്തിന് മതിയായ ജീവനക്കാര്‍ ഉണ്ടെന്നുറപ്പാക്കും. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. ട്രാക്‌ടറുകള്‍ പമ്ബയില്‍ പരിശോധിക്കുന്നത് തുടരും.
കേന്ദ്ര-കേരള സേനകള്‍
സംയുക്‌ത റൂട്ട്‌മാര്‍ച്ച് നടത്തി
ശബരിമല: സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായി സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കേന്ദ്ര-കേരള സേനകള്‍ സംയുക്‌ത റൂട്ട് മാര്‍ച്ച് നടത്തി. ബോംബ് ഡിസ്‌പോസല്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡും വ്യാപക പരിശോധന നടത്തി.
നാഷണല്‍ ഡിസാസ്‌റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍.ഡി.ആര്‍.എഫ്), റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്), കേരള പോലീസ് സേന, കേരള പോലീസിന്റെ കമാന്‍ഡോകള്‍, റാപ്പിഡ് റെസ്‌പോണ്‍സ് റെസ്‌ക്യു ഫോഴ്‌സ്, ക്വിക് റെസ്‌പോണ്‍സ് ടീം എന്നീ വിഭാഗങ്ങളാണ് മാര്‍ച്ച് നടത്തിയത്. സന്നിധാനം വാവര്‍ നടയില്‍നിന്നാരംഭിച്ച റൂട്ട് മാര്‍ച്ച് കൊപ്രക്കളം വഴി പാണ്ടിത്താവളം ഉരല്‍ക്കുഴി വരെ പരിശോധന നടത്തി. സുരക്ഷാ പരിശോധനകളുടെ ഭാഗമായാണു മാര്‍ച്ച് നടത്തിയത്.
0 Comments