ഹൈടെക് ക്ലാസ് റൂം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; അഭിമാന നേട്ടത്തിലേക്ക് ഒരു ചുവടുകൂടി

എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാകുമെന്ന നേട്ടത്തിലേക്ക് ഒരു ചുവടു കൂടി.

ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ രണ്ടാം ഘട്ടവും പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൂര്‍ണമായി.

4,752സ്‌കൂളുകളിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ ക്ലാസ്റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്.

ഹൈസ്കൂള്‍ തലത്തില്‍ ക്ലാസ്സ്റൂമുകള്‍ ഹൈടെക് ആക്കാനു പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.
കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്റൂം-ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്.

ഹൈടെക് ക്ലാസ്റൂം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അദ്ധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച്‌ ഫലപ്രദമായി വിനിമയം നടത്താനായി 'സമഗ്ര' പോര്‍ട്ടലും സജ്ജമാക്കി.