തയ്യില്‍-കുറുവ-തോട്ടട റോഡ് യാത്രയ്ക്ക്  അപകടക്കുരുക്ക്

കണ്ണൂര്‍: തയ്യില്‍-കുറുവ-തോട്ടട റോഡ് യാത്ര അപകടഭീതിയില്‍. ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാവുമ്ബോള്‍ തലശ്ശേരി ഭാഗത്തേക്കുള്ള സ്വകാര്യവാഹന യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന റോഡാണിത്. കണ്ണൂര്‍ ആസ്പത്രി ഭാഗത്തുനിന്ന്‌ തോട്ടട, കുറുവ ഭാഗങ്ങളിലേക്ക് ബസ്സുകളും ഇതുവഴി ഓടുന്നുണ്ട്.

ഗതാഗതയോഗ്യമായ റോഡായതിനാല്‍ റോഡില്‍ അപകടങ്ങളും പതിവാണ്. അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് മിക്കപ്പോഴും അപകടങ്ങളുണ്ടാക്കുന്നത്.
വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ റോഡില്‍ സ്ഥാപിച്ച സംവിധാനം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ തിരിച്ചടിയാവുന്നുണ്ട്. അധികം വീതിയില്ലാത്ത റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡരികിലൂടെ നടന്നു പോകാന്‍ സാധിക്കാത്ത രീതിയിലാണ് വേഗം നിയന്ത്രിക്കുന്നതിന് 'റോഡ് ബാരിയര്‍' സ്ഥാപിച്ചത്. 
പൂഴിന്റട്ടയിലും അവിടന്ന് ഏകദേശം അരക്കിലോമീറ്റര്‍ മാറിയുമാണ് 'റോഡ് ബാരിയറു'കളുള്ളത്. പൂഴിന്റട്ടയിലെ 'റോഡ് ബാരിയര്‍' സ്ഥാപിച്ചിടത്ത് ഒരു ട്രാന്‍സ്ഫോര്‍മറുമുണ്ട്. തയ്യിലില്‍നിന്ന്‌ കുറുവ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഒടിച്ചെടുക്കുമ്ബോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ തട്ടി അപകടമുണ്ടാവാനുള്ള സാധ്യത ഏറെയാണ്. സലഫി, മൈതാനപ്പള്ളി മദ്രസകളിലെ കുട്ടികളും നിരവധി സ്കൂള്‍ വിദ്യാര്‍ഥികളും സഞ്ചരിക്കുന്ന വഴിയാണ്. കാല്‍നടയാത്രക്കാര്‍ക്ക് റോഡിലിറങ്ങി 'റോഡ് ബാരിയറി'നിടയിലൂടെ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
തൊട്ടടുത്തായി സ്ഥാപിച്ച 'റോഡ് ബാരിയറി'ന്റെ അവസ്ഥയും മറിച്ചല്ല. റോഡരികില്‍ ഒരുഭാഗത്ത് കോണ്‍ക്രീറ്റ് മാലിന്യങ്ങളും മറുഭാഗത്ത് ഉണങ്ങിയ തടികളും കൂട്ടിയിട്ടിട്ടുണ്ട്. രാത്രികാലങ്ങളില്‍ റോഡില്‍നിന്ന്‌ 'റോഡ് ബാരിയര്‍' മാറ്റിവയ്ക്കാത്തതും അപകഭീഷണിയാണ് .
റോഡിലേക്ക് വളര്‍ന്ന് കാടുകള്‍
കുറുവ പാലത്തിനരികില്‍നിന്ന്‌ റോഡിലേക്ക് വളര്‍ന്ന കാടുകളും യാത്രയ്ക്ക് ഭീഷണിയാണ്. കാടുകള്‍ വളര്‍ന്നതിനാല്‍ എതിര്‍ദിശയില്‍ നിന്നുള്ള വാഹനങ്ങള്‍ അടുത്തെത്തുമ്ബോള്‍ മാത്രമാണ് കാണുന്നത്. പാലത്തിന്റെ കൈവരിയുടെ ഒരുഭാഗം മുഴുവനും കാടുമൂടിയ നിലയിലാണ്. ഇതുവഴി മിക്കപ്പോഴും വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നതും.
ക്യാമറ സ്ഥാപിക്കണം
അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തിയാല്‍ ഒരുപരിധിവരെ അപകടങ്ങള്‍ കുറയ്ക്കാം. ഇതിനായി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. റോഡരികിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് നടന്നു പോകാവുന്ന തരത്തില്‍ ചെറിയ 'റോഡ് ബാരിയര്‍' സ്ഥാപിക്കണം. കാല്‍നടയാത്രക്കാര്‍ക്ക് അനായാസം സഞ്ചരിക്കാനാവുന്ന തരത്തില്‍ റോഡരികിലെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.