ചാല ബൈപ്പാസിലെ റോഡ് തകര്‍ച്ച; നാട്ടുകാര്‍ സമരത്തിന്

ചാല: ചാല ബൈപ്പാസ് കവലയിലെ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. 12-ന് വഴിതടയല്‍ സമരം നടത്താനാണ് ആലോചന. ഇതിന്റെ ഭാഗമായി ചാലയില്‍ യോഗം നടന്നു. റോഡ് തകര്‍ന്ന് മാസങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ബൈപ്പാസ് കവലയ്ക്ക് സമീപം വലി കുഴികളാണ്‌. ഇത് താണ്ടിവേണം ചരക്കുലോറികളടക്കമുള്ളവയ്ക്ക്‌ കടന്നുപോകാന്‍. കണ്ണൂരില്‍നിന്ന് തലശ്ശേരിയിലേക്കും കൂത്തുപമ്ബില്‍നിന്ന് കണ്ണൂരിലേക്കും പോകുന്ന വാഹനങ്ങളാണ് കുഴിയില്‍ കുടുങ്ങുന്നത്. വളരെ പതുക്കെ മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നുള്ളൂ.
ഇതുകാരണം ഗതാഗതക്കുരുക്കുണ്ടാകുന്നു.
ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ കൂടി ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡില്‍ നിറയെ കരിങ്കല്‍ ചീളുകള്‍ നിറഞ്ഞിരിക്കുന്നു.
റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയതല്ലാതെ ശാശ്വതപരിഹാരം കണ്ടിട്ടില്ല. ശബരിമല സീസണ്‍ ആയിട്ടുപോലും റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികളും അറിയിച്ചു.