വാഴമല ടൂറിസംപദ്ധതി അനിശ്ചിതത്വത്തില്‍
പാനൂര്‍: ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത വാഴമല ടൂറിസം പദ്ധതി അനിശ്ചിതത്വത്തില്‍. ആവശ്യമായ സ്ഥലം കിട്ടാത്തതാണ് കാരണം. 2018 മാര്‍ച്ചില്‍ മന്ത്രി കെ.കെ.ശൈലജ, കളക്ടര്‍ മീര്‍ മുഹമ്മദലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വാഴമല സന്ദര്‍ശിച്ച് 11 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരുന്നു. രൂപരേഖ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറുകയും ചെയ്തിരുന്നു.
വാഴമലയിലെ പ്രധാന ആകര്‍ഷണകേന്ദ്രമായ വിമാനപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് എത്താനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക, പാറയ്ക്ക് ചുറ്റും വേലി നിര്‍മാണം, പാറയുടെ അടിവശത്ത് പ്ലാറ്റ്ഫോം നിര്‍മാണം, പഴശ്ശി കാനനപ്പാത തുടങ്ങിയവ ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടത്. റോപ് വേയും പരിഗണനയിലുണ്ടായിരുന്നു. മലനിരകളില്‍നിന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ വ്യൂ പോയിന്റ്, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണവും ആലോചനയിലുണ്ടായിരുന്നു. പ്രോജക്‌ട് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വനം, ടൂറിസം അധികൃതരുമായി ചര്‍ച്ചചെയ്ത് അന്തിമരൂപം നല്‍കാനായിരുന്നു ലക്ഷ്യമിട്ടത്. പ്രധാന ആകര്‍ഷകകേന്ദ്രമായിരുന്ന
വിമാനപ്പാറ ഉള്‍ക്കൊള്ളുന്ന 60 സെന്റ് സ്ഥലം കുടിയേറ്റ കര്‍ഷകനായ സ്വകാര്യ വ്യക്തി വ്യവസ്ഥകള്‍ക്ക് വിധേയമായി സൗജന്യമായി വിട്ടുനല്‍കിയിരുന്നു. എന്നാല്‍, നിര്‍ദിഷ്ട വ്യവസ്ഥ പാലിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതുകാരണം ഉടമ സ്ഥലം തിരിച്ചെടുത്തു.
പ്രകൃതിസൗന്ദര്യം നിറഞ്ഞുതുളുമ്ബുന്ന നരിക്കോട്ട് മല, വാഴമലപ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിനോദസഞ്ചാരികള്‍ കൂടുതലായി മലയിലെത്താന്‍ തുടങ്ങിയത്. അതോടൊപ്പം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും മദ്യക്കുപ്പികളും തോന്നുംപോലെ വലിച്ചെറിയുന്നത് വ്യാപകമായി.
കോഴിക്കോട് ജില്ലയില്‍ നിന്ന് വാളാംതോട്, ചിറ്റാരി, കണ്ടിവാതുക്കല്‍ (അഭയഗിരി) വാഴമല, നരിക്കോട് മല, പാത്തിക്കല്‍, കല്ലുവളപ്പ്, ചെറുവാഞ്ചേരി, കണ്ണവം വഴി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കണ്ണവംവനത്തോടു ചേര്‍ന്നുനില്ക്കുന്ന മലനിരകള്‍ വിനോദ സഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കുന്നവയാണ് നിയമവിധേയമായും അല്ലാതെയും പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ പാറമടകള്‍ ഈ ഹരിതഭൂമിക്ക് ഭീഷണിയാണ്. ടൂറിസം പദ്ധതി നടപ്പിലായാല്‍ ഒരു പരിധി വരെ പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താനാകും.
എന്നാല്‍, ആവശ്യമായ സ്ഥലം ലഭിക്കാത്തതു കാരണം പദ്ധതി നീണ്ടുപോകുകയാണ്. റോഡിനിരുവശത്തുമുള്ള സ്ഥലങ്ങള്‍ മുഴുവന്‍ സ്വകാര്യ വ്യക്തികളുടേതാണ്. മലയിലെ പ്രധാന ആകര്‍ഷണം വിമാനപ്പാറയാണ്. വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ടൂറിസംവകുപ്പിന് നല്‍കിയിട്ട് മാസങ്ങളായി. ഫണ്ടിനും തടസ്സമില്ല.
ആവശ്യമായ സ്ഥലം ലഭ്യമായാല്‍ വാഴമലയിലെ ടൂറിസം പദ്ധതി തുടങ്ങാന്‍ കഴിയും. മലമുകളില്‍ അനുയോജ്യമായ സ്ഥലങ്ങളില്‍ അഞ്ചോ പത്തോ സെന്‍റ്് വീതമുള്ള ഏതാനും ഇടങ്ങള്‍ കിട്ടിയാല്‍ വ്യൂ പോയിന്റ് സ്ഥാപിക്കാനും കഴിയുമെന്ന് മന്ത്രി കെ.കെ.ശൈലജയുടെ പാനൂരിലെ ക്യാമ്ബ് ഓഫീസ് അറിയിച്ചു.


0 Comments