വലിയവെളിച്ചത്ത് സബ്സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ഒരുങ്ങി

കൂത്തുപറമ്പ്: വലിയവെളിച്ചം വ്യവസായ കേന്ദ്രത്തില്‍ സ്ഥാപിച്ച കെ.എസ്.ഇ.ബി. 110 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ഒരുങ്ങി. സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വ്യവസായ കേന്ദ്രത്തിലെ വൈദ്യുതിതടസ്സത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. രണ്ടുവര്‍ഷം മുന്‍പാണ് വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിനകത്ത് സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയത്.

കെ.എസ്.ഐ.ഡി.സിയില്‍നിന്ന്‌ കെ.എസ്‌ഇ.ബി. ലീസിനെടുത്ത രണ്ട് ഏക്കര്‍ സ്ഥലത്തായിരുന്നു നിര്‍മാണം. പത്തുകോടിയോളം രൂപ ചെലവഴിച്ചാണ് ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, കണ്‍ട്രോള്‍ റൂം എന്നിവ ഉള്‍പ്പെടുന്ന ഇരുനില കെട്ടിടവും സബ്സ്റ്റേഷന്‍ യാര്‍ഡും നിര്‍മിച്ചിരിക്കുന്നത്.
12.5 എം.വി.എ. ശേഷിയുള്ള 110/11 കെ.വി ട്രാന്‍സ്‌ഫോര്‍മറും 40 എം.വി.എ. 110/66 കെ.വി. ട്രാന്‍സ്‌ഫോര്‍മറും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്നതാണ് സബ്സ്റ്റേഷന്‍ യാര്‍ഡ്. കൂത്തുപറമ്ബ് സബ് സ്റ്റേഷനില്‍നിന്ന്‌ മാനന്തേരി വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തെ 66 കെ.വി. ലൈന്‍ ശേഷി വര്‍ധിപ്പിച്ച്‌ 110 കെ.വി ആക്കിയും ബാക്കിവരുന്ന രണ്ടരകിലോമീറ്റര്‍ ദൂരത്തില്‍ ഡബിള്‍ സര്‍ക്യൂട്ട് 110 കെ.വി ലൈന്‍ വലിച്ചുമാണ് ഇവിടേക്ക് വൈദ്യുതി എത്തിച്ചത്.
40 എം.വി.എ. ട്രാന്‍സ്‌ഫോര്‍മര്‍ ഉപയോഗിച്ച്‌ 10 കെ.വി.യെ 66 കെ.വി ആക്കി നിടുംപൊയില്‍ വഴി മാനന്തവാടി വരെ പ്രസരണം നടത്താന്‍ സാധിക്കും. തിരിച്ച്‌ ഇങ്ങോട്ടേക്ക് വൈദ്യുതി എത്തിക്കാനും കഴിയും. ഭാവിയില്‍ യാര്‍ഡ് വിപുലീകരിക്കാനുള്ള സൗകര്യവുമുണ്ട്.
കെ.എസ്.ഐ.ഡി.സി.യുടെ വ്യവസായ കേന്ദ്രത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ അന്‍പതോളം വ്യവസായ യൂണിറ്റുകള്‍ക്ക് സബ്സ്റ്റേഷന്‍ വലിയ ആശ്വാസം പകരും. സമീപപ്രദേശങ്ങളിലും സബ്സ്റ്റേഷന്റെ പ്രയോജനം ലഭ്യമാകും. 19-ന് വൈകീട്ട് അഞ്ചിന് വൈദ്യുതിമന്ത്രി എം.എം.മണി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ അധ്യക്ഷതവഹിക്കും.