പൊതു സ്ഥലത്തെ പുകവലിക്ക് ഈ വര്‍ഷം പിടിയിലായത് 73,000 അധികം പേര്; പിഴയടപ്പിച്ചത് 1,45,29,600 രൂപ
തൃശൂര്‍: പൊതു സ്ഥലത്ത് പുകവലിച്ചതിന് ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ സംസ്ഥാനത്ത് പിടിയിലായത് 73,392 പേര്. ഇവരില്‍ നിന്നും പിഴയായി ഈടാക്കിയത് ഒന്നരക്കോടിയോളം രൂപ!! കഴിഞ്ഞ വര്‍ഷം പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന നിയമം ലംഘിച്ചതിന് 1,10,028 പേരെയാണ് പിടികൂടിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറുമീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് ഈ വര്‍ഷം 2,635 പേരാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം 3,513 പേരെയാണ് പിടികൂടിയത്.കേരളത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 76,470 കോട്പ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിയിലായവരില്‍ നിന്നും ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെ പിഴയായി ഈടാക്കിയത് 1,45,29,600 രൂപയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കിയതിന് പിടിയിലായ 394 പേരില്‍ നിന്ന് 5,54,500 രൂപ പിഴയീടാക്കി. വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങള്‍ വിറ്റ 2635 പേരില്‍ നിന്ന് 2,79,150 രൂപയും പിഴയീടാക്കി. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ കോട്പ നിയമലംഘനങ്ങളില്‍ നേരിയ കുറവു കാണുന്നുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കു കൂടി പുറത്തുവരുന്പോഴേ ചിത്രം വ്യക്തമാകൂ.
0 Comments