കുടകില്‍ ദുരിതാശ്വാസ ക്യാമ്ബിലെ മലയാളികള്‍ മടങ്ങി







വിരാജ്പേട്ട: വെള്ളപ്പൊക്കവും പ്രളയവും പിന്നിട്ട‌് നാലുമാസം കഴിഞ്ഞിട്ടും ദുരിതാശ്വാസ ക്യാമ്ബില്‍ തുടരേണ്ടിവന്ന മലയാളികുടുംബങ്ങള്‍ മടങ്ങി. കുടക് ജില്ലാ ഭരണകൂടം മുന്നോട്ടുവെച്ച പുനരധിവാസ പാക്കേജ് അംഗീകരിച്ചാണ് ക്യാമ്ബ് അവസാനിപ്പിച്ചത്.

കുടകിലെ നെല്യാഹുതിക്കേരി ഗവ. യു.പി. സ്കൂള്‍ ക്യാമ്ബില്‍ കഴിഞ്ഞ മലയാളികുടുംബങ്ങള്‍ അവഗണന നേരിടുകയായിരുന്നു. പുറമ്ബോക്കുകളില്‍ കുടിലുകളും വീടുകളും നിര്‍മിച്ച‌് താമസിച്ചവരുടെ കിടപ്പാടങ്ങളാണ് പ്രളയത്തില്‍ കാവേരിനദി കരകവിഞ്ഞ‌് ഇല്ലാതായത്‌. ജില്ലാ ഭരണകേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം സ്കൂള്‍ ക്യാമ്ബിലേക്ക‌് മാറിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയായിരുന്നു.

സ്ഥലവും വീടും നല്‍കാതെ ക്യാമ്ബ് ഒഴിയില്ലെന്ന നിലപാടിലായിരുന്നു എല്ലാ കുംബങ്ങളും. നെല്യാഹുതിക്കേരിക്കടുത്ത ബെട്ടേക്കാടില്‍ പത്തേക്കര്‍ എണ്‍പത് സെന്റും അഭ്യാസ്മംഗളയില്‍ എട്ടേക്കര്‍ സ്ഥലവും ഇവരെ പുനരധിവസിപ്പിക്കാന്‍ സമയബന്ധിതമായി നല്‍കുമെന്നും വീട് നിര്‍മാണത്തിന് ഘട്ടംഘട്ടമായി അഞ്ച‌ുലക്ഷം രൂപവിതം അനുവദിക്കുമെന്നും കുടില്‍കെട്ടാനോ വാടകയ്ക്ക‌് താമസിക്കാനോ ഉടന്‍ അരലക്ഷം രൂപവീതം നല്‍കാമെന്നുമുള്ള അധികൃതരുടെ ഉറപ്പിന്മേലാണ് ക്യാമ്ബ്‌ അവസാനിപ്പിച്ചത്. ഇവരെ പുനരധിവസിപ്പിക്കനായി കണ്ടെത്തിയ സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരേ കോടതിയില്‍ കേസ് വന്നതോടെയാണ് പുനരധിവാസം പ്രതിസന്ധിയിലായത്.

കുടക് അസി. കമ്മിഷണര്‍ ജവരെ ഗൂഡ, കളക്ടര്‍ ആനീസ് കണ്‍മണി ജോയി, തഹസില്‍ദാര്‍ ഗോവിന്ദരാജ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ക്യാമ്ബ്‌ അവസാനിപ്പിക്കാന്‍ ധാരണയായത്. പഞ്ചായത്ത‌് വൈസ് പ്രസിഡന്റ‌് സഫിയ മുഹമ്മദ്, സല്‍മത്ത‌്, പി.ആര്‍.ഭരത്, മണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.