മാക്കൂട്ടം മേഖല സംഘർഷ ഭരിതമാക്കുന്നതിൽ കേരളത്തിലെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പങ്ക് - ബി ജെ പി




ഇരിട്ടി : വർഷങ്ങളായി തുടരുന്ന മാക്കൂട്ടം മേഖലയിലെ അതിർത്തി തർക്കം ശാശ്വതമായി പരിഹരിക്കുന്നതിൽ കേരളത്തിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വരുത്തിയ വീഴചയാണ്‌ മേഖലയിലെ പാവപ്പെട്ട ദമ്പതികളെ  ജയിലഴികൾക്കുള്ളിൽ എത്തിക്കുന്നതിനും മേഖലയിലെ സംഘർഷത്തിനും  കാരണമായിരിക്കുന്നതെന്ന്  ബി ജെ പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. കേരളം ബാരാപ്പോൾ പദ്ധതിയുടെ പ്രവർത്തിയുമായി  മുന്നോട്ടു പോയപ്പോൾ തുടങ്ങിയ പ്രശ്ങ്ങൾ യഥാസമയം പരിഹരിക്കാതെ മുന്നോട്ടു പോവുകയായിരുന്നു. കേരളത്തിന്റെ കയ്യിൽ എല്ലാ രേഖകളും ഉണ്ടന്ന് പറയുമ്പോഴും കർണ്ണാടകം കയ്യേറിയിരിക്കുന്ന ഏക്കർ കണക്കിന് സ്ഥലം തിരിച്ചു പിടിക്കുന്നതിനാവശ്യമായ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ചർച്ച കൊണ്ട് പരിഹരിക്കാനാകുന്നില്ലെങ്കിൽ എന്തുകൊണ്ട് എല്ലാ രേഖകളും കയ്യിലുണ്ടെന്നു പറയുന്ന കേരളത്തിലെ അധികൃതർ ഈ തർക്കം കോടതി മുഖാന്തരമെങ്കിലും പരിഹരിക്കാൻ ശ്രമിക്കാത്തത്.
രണ്ടുവർഷത്തോളമായി  നിലച്ച  കൂട്ടുപുഴ പാലത്തിന്റെ പ്രവർത്തിയും തടസ്സപ്പെട്ടത് ഇതേ അതിർത്തി തർക്കം മൂലമാണ്. സ്വതന്ത്ര ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ രണ്ട് ശത്രു രാജ്യങ്ങളെപ്പോലെ അതിർത്തിക്കുവേണ്ടി പോരടിക്കുന്നത് നിർഭാഗ്യകരമാണ് .  ഇതിൽ നിന്നും ഒരു പാഠവും  പഠിക്കാത്ത  ജന പ്രതിനിധികളും ഉദ്യോഗസ്ഥരും മേഖലയിലെ ജനങ്ങൾക്കിടയിൽ ഭീതിയും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ മാത്രമാണ് ഉണരുന്നത്. പാവപ്പെട്ട ജനങ്ങളെ  ബലിയാടുകളാക്കപ്പെടുന്ന അവസ്ഥക്ക് അറുതി വരുത്താനുള്ള ശ്രമം കേരള സർക്കാരിന്റെയും ജില്ലാ- പ്രാദേശിക  ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ഉടനടി ഉണ്ടാകണം . അതിന് കേരളത്തിന്റെ കയ്യിൽ എല്ലാ രേഖകളുമുണ്ടെന്ന് പറയുന്ന അധികൃതർ  നിർഭയമായി കോടതിയിൽ പോയെങ്കിലും ശാശ്വത പരിഹാരം തേടണം. തങ്ങളുടെ അതിർത്തിയിൽ കടന്നുകയറി ദമ്പതിമാരെ അറസ്റ്റു ചെയ്ത് ജയിലിലടച്ച കർണ്ണാടകത്തിലെ ഉദ്യോഗസ്ഥർക്കെതിരെ കേസുടുത്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ധൈര്യം ജില്ലാ ഭരണകൂടം കാണിക്കണമെന്നും ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പി.എം. രവീന്ദ്രൻ, എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി എന്നിവർ ആവശ്യപ്പെട്ടു.