രാത്രിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനമൊരുക്കി പൊലീസ്
രാത്രിയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കി കയ്യടി നേടുകയാണ് കര്‍ണാടക ഗഡാഗ് പൊലീസ്. കര്‍ണാടകയിലെ ഗഡാഗ് പ്രദേശത്ത് സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ തോത് കണക്കിലെടുത്താണ് പൊലീസ് രാത്രി 10 നും രാവിലെ 6 നും ഇടയില്‍ സ്ത്രീകള്‍ക്ക് സൗജന്യ സുരക്ഷിത യാത്രാ സേവനം ആരംഭിച്ചത്.
"രാത്രിയില്‍ യാത്ര ചെയ്യുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഏത് പൊലീസ് സ്റ്റേഷനിലേക്കോ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്ബറിലേക്കോ വിളിക്കാം. പൊലീസ് അവരെ അതാത് ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതമായി എത്തിക്കും, സൗജന്യമായി" ഗഡാഗിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബലാത്സംഗ, കൊലപാതക കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടുതല്‍ കര്‍ശന നിയമങ്ങള്‍ ആവശ്യപ്പെട്ട് രാജ്യത്ത് നിരവധി പ്രക്ഷോങ്ങള്‍ നടന്നതിന് പിന്നാലെയാണ് ഈ നീക്കം. ഉന്നാവിലും ഹൈദരാബാദിലും ഉള്‍പ്പടെ രാജ്യത്തെ നടുക്കിയ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ഗഡാഗ് പൊലീസ് സ്ത്രീകളുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ഈ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചത്.


0 Comments