രാജ്യത്തെ നടുക്കിയ ക്രൂര ബലാത്സംഗങ്ങള്‍, കൊലപാതകം; ജന്മദിനാഘോഷം ഉപേക്ഷിച്ച് സോണിയ ഗാന്ധി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ക്രൂരമായ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തന്റെ 73-ാം ജന്മദിനാഘോഷം ഉപേക്ഷിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അതിക്രൂരമായ ബലാത്സംഗങ്ങള്‍ അരങ്ങേറിയതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച 73 വയസ് തികയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവെച്ച സോണിയ, തന്റെ ജന്മദിനം ആഘോഷിക്കില്ലെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലാത്സംഗ സംഭവങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും വര്‍ധിച്ചുവരുന്നത് ഞെട്ടലുളവാക്കുന്നുവെന്നും പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്തിടെ രാജ്യത്തെ ഞെട്ടിച്ച ഉന്നാവ ബലാത്സംഗ കേസ്, തെലങ്കാന ബലാത്സംഗം, കൊലപാതകം എന്നീ കേസുകളില്‍ വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സോണിയ ഗാന്ധിയുടെ തീരുമാനം.


0 Comments