ഷഹ്‍ല ഇല്ലാതെ അമീഖയും നെസ്‌ലയും ഇന്ന് ക്ലാസിലേക്ക്





ബത്തേരി :ഷഹ്‌ല ഷിറിനൊപ്പം ഒന്നിച്ച് ഒരു ബഞ്ചിലിരുന്നു പഠിച്ച പിതൃസഹോദരീ പുത്രി നെസ്‌ല ഫാത്തിമ, വീണ്ടും ക്ലാസുകൾ തുടങ്ങിയ സർവജന സ്കൂളിൽ ഇന്നെത്തുമ്പോൾ അടുത്തിരിക്കാൻ ഷഹ്‌ലയുണ്ടാകില്ല. ഒപ്പം ഇവരുടെ ക്ലാസ് മുറിയും ഇനി ഓർമ മാത്രം. നവീകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഇന്നു മുതൽ ഇവരുടെ ക്ലാസ് നടക്കുക.

ഷഹ്‌ലയുടെ അനുജത്തി ഒന്നാം ക്ലാസിൽ പഠിക്കുന്ന അമീഖ ജബിനും ഇന്നു മുതലാണ് വീണ്ടും സ്കൂളിൽ പോകുന്നത്. സർവജന സ്കൂളിന്റെ സമീപത്തു തന്നെയുള്ള കൈപ്പഞ്ചേരി ഗവ. എൽപി സ്കൂളിലാണ് അമീഖ പഠിക്കുന്നത്. ഷഹ്‌ലയുടെ വീടിന് അടുത്തു തന്നെയാണ് നെ‌സ്‌ലയുടെയും വീട്. നാലു വരെ രണ്ടു പേരും ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലായിരുന്നു. ഈ വർഷം രണ്ടു പേരെയും ഒന്നിച്ച് സർവജനയിൽ ചേർക്കുകയായിരുന്നു.

ഒരേ ക്ലാസ് മുറിയിൽ ഒരേ ബഞ്ചിൽ ഒന്നിച്ചിരുന്നായിരുന്നു പഠനം. ഷഹ്‌ലയുടെ അനുജത്തി ഒന്നാം ക്ലാസിൽ പഠിക്കുന്ന അമീഖ ജബിനെ കൈപ്പഞ്ചേരി ഗവ.എൽപി സ്കൂളിൽ ആക്കിയിട്ടാണ് രണ്ടു പേരും സർവജനയിൽ വന്നിരുന്നത്. തിരിച്ചു പോകുമ്പോഴും ഇരുവരും ചേർന്ന് അമീഖയേയും കൂട്ടും. ഷഹ്‌ലയെ പാമ്പു കടിക്കുമ്പോഴും നെസ്‌ല അടുത്തുതന്നെയാണ് ഇരുന്നിരുന്നത്. സംഭവങ്ങൾക്കെല്ലാം ദൃക്സാക്ഷിയുമായിരുന്നു.