ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യലിറ്റി സംവിധാനങ്ങൾ ഒരു വർഷത്തിനകം: ആരോഗ്യ മന്ത്രി



ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യലിറ്റി സംവിധാനങ്ങൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും വിധം ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. ഇതിനായി ആരോഗ്യ വകുപ്പും, ജില്ലാ പഞ്ചായത്തും, ജില്ലാ ആശുപത്രിയും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലാ ആശുപത്രിയിലെ  നവീകരിച്ച രക്ത ബാങ്കിന്റെയും മെഡിക്കൽ ഇന്റെൻസീവ് കെയർ യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.100 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്.  വരുമാന പരിധിയിൽ താഴെയുള്ളവർ ആശ്രയിച്ചിരുന്ന ജില്ലാ ആശുപത്രിയിൽ ഇപ്പോൾ ഇടത്തരക്കാരും കൂടുതലായി എത്തുന്നത് ഇവിടെ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങൾ ലഭ്യമാകുന്നത് കൊണ്ടാണ്.കേരളത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ മികച്ച സംവിധാനത്തിലൂടെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മുഴുവൻ ജനങ്ങളെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സംരക്ഷണത്തിൽ കൊണ്ടുവരണം. സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് പൂർത്തിയാക്കുന്നതോടു കൂടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


നവീകരിച്ച രക്ത ബാങ്കും, 8 കിടക്കയും 2 വെന്റിലേറ്റർ സംവിധാനവും മറ്റ് അത്യാധുനിക ഉപകരണങ്ങളും ഉൾപ്പെടെയുള്ള മെഡിക്കൽ ഇന്റെൻസീവ് കെയർ യൂണിറ്റുമാണ് ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചത്.


ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷൻ  ജയബാലൻ മാസ്റ്റർ, കൺടോൺമെൻറ് ബോർഡ്‌ വൈസ് പ്രസിഡണ്ട് കേണൽ പത്മനാഭൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായിക്,

ജില്ലാ ആശുപത്രി സൂപ്രണ്ട് വി കെ രാജീവൻ, നാഷണൽ ഹെൽത്ത്‌ മിഷൻ പ്രോഗ്രാം മാനേജർ ഡോ കെ വി ലതീഷ്, രക്ത ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ  കെ ബി  ഷഹീദ,  ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി വി ചന്ദ്രൻ, എച്ച് എം സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.