മംഗളൂരുവിലെ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു; മധുരം നല്കി സ്വീകരിച്ച് മന്ത്രി
കാസര്‍കോട്: മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്വീകരിച്ചു. കേരള സര്‍ക്കാര്‍ ഇടപെട്ട് പ്രത്യേക കെഎസ്‌ആര്‍ടിസി ബസുകളിലാണ് മുന്നൂറോളം വിദ്യാര്‍ഥികളെ കൊണ്ടുവന്നത്.
മംഗളൂരു പമ്ബ്വെല്‍ സര്‍ക്കിളില്‍ നിന്ന് പുറപ്പെട്ട അഞ്ച് കെഎസ്‌ആര്‍ടിസി ബസുകള്‍ വൈകുന്നേരം ഏഴോടെ കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡില്‍ എത്തി. പമ്ബ്വെല്‍ മുതല്‍ തലപ്പാടി വരെ കര്‍ണാടക പോലീസും പിന്നീട് കാസര്‍ഗോഡ് വരെ കേരള പൊലീസും ബസുകള്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു. പോലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലായിരുന്നു ബസുകള്‍ മംഗളൂരുവിലേക്ക് പോയത്.
കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവില്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാനാവാതെ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെയാണ് തിരികെയെത്തിച്ചത്. ഇനിയും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
മംഗളൂരുവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കാന്‍ ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ അയച്ചു. പൊലീസ് സുരക്ഷയോടെയാണ് ബസുകള്‍ മംഗളൂരുവിലേക്ക് പോയത്. സുരക്ഷ ഉറപ്പാക്കാനായി കാസര്‍കോഡ് ജില്ലാ കളക്ടര്‍ മംഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു.


0 Comments