ആയിരങ്ങൾ അണിനിരന്ന ഗ്രീൻ പേരാവൂർ മാരത്തോൺ വേദിയിൽ വിമുക്തിസന്ദേശമായി പേരാവൂർ എക്സൈസ്
ഹരിത കായിക സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ഗ്രീൻ പേരാവൂർ മാരത്തോൺ വേദിയിൽ വിമുക്തി സന്ദേശം പകർന്ന് പേരാവൂർ എക്സൈസ്.
മൂവായിരത്തോളം കായിക പ്രേമികൾ പങ്കെടുത്ത മാരത്തോൺ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്തു. പേരാവൂർ ടൗണിൽ നിന്നാരംഭിച്ച് എടത്തൊട്ടിയിൽ നിന്ന് മലയോര ഹൈവേയിലൂടെ മണത്തണ വഴി പേരാവൂരിൽ സമാപിക്കുന്ന മാരത്തോണും, തൊണ്ടിയിൽ വരെ പോയി മടങ്ങുന്ന മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റണ്ണുമാണ് ഗ്രീൻ മരത്തോണിന്റെ ഭാഗമായി നടന്നത്.
തുടർന്നു നടന്ന സമ്മേളനത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ കെ.ശ്രീജിത്ത് വിമുക്തിസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഷാജി, ഗ്രാമപഞ്ചായത്തംഗം സിറാജ് പൂക്കോത്ത്, ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ ചെയർമാൻ സെബാസ്റ്റ്യൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, കെ.ശ്രീജിത്ത്, എൻ.സി.വിഷ്ണു, എ.എം.ബിനീഷ് എന്നിവർ മാരത്തോണിൽ പങ്കെടുത്തു.
ജിമ്മി ജോർജ് ഫൗണ്ടേഷൻ, ചേംബർ ഓഫ് പേരാവൂർ, വൈസ് മെൻസ് ക്ലബ്ബ്, ജൂനിയർ ചേംബർ എന്നീ സംഘടനകളാണ് ഗ്രീൻ പേരാവൂർ മാരത്തോണിന്റെ സംഘാടകർ.


0 Comments