കാര്‍ഷിക കടാശ്വാസ പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; രണ്ട് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും

മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ജനപ്രീയ നടപടികള്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാത്മാ ഫുലെ കാര്‍ഷിക കടാശ്വാസ പദ്ധതി മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.മഹാരാഷ്ട്രയില്‍ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു.

നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് പ്രഖ്യാപനം നടത്തിയത്. 2020 മാര്‍ച്ചോടെ തീരുമാനം നടപ്പാക്കിത്തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായ സംസ്ഥാനത്ത് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് ത്രികക്ഷി സഖ്യത്തിന്‍റെ പൊതു മിനിമം പരിപാടിയില്‍ ഉറപ്പ് നല്‍കിയിരുന്നു.ഇതനുസരിച്ച്‌ രണ്ട് ലക്ഷം വരെയുള്ള കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. സെപ്റ്റംബര്‍ 9 വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുക.