ആറളംഫാമില്‍ ആനക്കൂട്ടത്തെ കാടുകയറ്റിവിട്ടു




ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍നിന്നെത്തി ആറളം ഫാമിലെ ജനവാസമേഖലയിലും കൃഷിയിടത്തിലുമായി തമ്ബടിച്ച ആനക്കൂട്ടത്തെ വനപാലക സംഘം വനത്തിനുള്ളിലേക്ക് തുരത്തി. നരിക്കടവ് സെക്‌ഷന്‍ ഫോറസ്റ്റ് സ്റ്റേഷനിലെയും കീഴ്പള്ളി സെക്‌ഷനിലെയും 20 പേരടങ്ങിയ വനപാലകരാണ് സാഹസികമായി ആനകളെ തുരത്തിയത്.

ഫാമിലെ ആറാം ബ്ലോക്കില്‍ റബ്ബര്‍ത്തോട്ടത്തിലാണ് ആറ് ആനകളെ കണ്ടത്. ഇവയെ പടക്കംപൊട്ടിച്ചും മറ്റും കോട്ടപ്പാറവഴിയാണ് വനത്തിനുള്ളിലേക്ക് തുരത്തിയത്. നേരത്തേ ആനകളെ തുരത്തുന്നതിനിടെയുണ്ടായ അപകടം കണക്കിലെടുത്ത് പ്രധാന റോഡുകളിലും ഇടവഴികളിലും സുരക്ഷയൊരുക്കിയിരുന്നു. ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയേഷ് ജോസഫിന്റെ നേതൃത്വത്തില്‍ എട്ടുമണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ കാടുകയറ്റിയത്.

രണ്ടാഴ്ചമുമ്ബ് മൂന്നുദിവസത്തെ ശ്രമത്തിനൊടുവില്‍ 18 ആനകളെ ഫാമില്‍നിന്ന്‌ വനത്തിലേക്ക് തുരത്തിയിരുന്നു. വനത്തിലേക്ക് കടന്ന ആനകള്‍ വീണ്ടും തിരികെ പ്രവേശിക്കാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും പലവഴികളിലൂടെ ആനകള്‍ തിരിച്ചെത്തുകയായരുന്നു.

വനാതിര്‍ത്തിയിലെ കാട്ടാന പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നുകിടക്കുകയാണ്. ഇതുവഴിയാണ് വീണ്ടും ആനകള്‍ ഫാമിലേക്ക് കടക്കുന്നത്.

കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ തോട്ടങ്ങളില്‍ കാടുവെട്ടുന്നതിന് ആനഭീഷണി പ്രതിസന്ധിയുണ്ടാക്കുകയാണ്. കഴിഞ്ഞദിവസം നാലാം ബ്ലോക്കില്‍ സ്ത്രീത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാടുവെട്ടുന്നതിനിടയില്‍ ആനയെക്കണ്ട് ഭയന്ന് ഓടുകയായിരുന്നു. കശുവണ്ടിത്തോട്ടങ്ങളില്‍ പൊന്തക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ അടുത്തെത്തിയാല്‍മാത്രമേ ആനയുണ്ടെന്ന് അറിയാനാകൂ. കഴിഞ്ഞവര്‍ഷം കശുവണ്ടിയുടെ ഉത്പാദനം പകുതിയായിട്ടും കാടുവെട്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ നേരത്തേ കാടുവെട്ട് പൂര്‍ത്തിയാക്കി പരമാവധി കശുവണ്ടി ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഫാം അധികൃതര്‍. ആനഭീഷണിയാണ് ഇതിന് പ്രതിസന്ധിയുണ്ടാക്കുന്നത്. അവശേഷിക്കുന്ന ആനകളെക്കൂടി വനത്തിലേക്ക് തുരത്തുമെന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു.