ആശ്വാസം: കേരളത്തില്‍ എയ്ഡ്സ് രോഗികള്‍ കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എയ്ഡ്സ് രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുറയുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്കെടുപ്പിലാണ് ആശ്വാസകരമായ കണ്ടെത്തല്‍. 10 വര്‍ഷം മുന്‍പ് 2010 ല്‍ 2342 പേര്‍ക്കാണു പുതുതായി രോഗബാധയുണ്ടായതെങ്കില്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇത് 985 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ രോഗികളും കുറവാണ് 1220.
10 വര്‍ഷം മുന്‍പ് 2.40 ലക്ഷം പേരാണ് എച്ച്‌ഐവി പരിശോധനയ്ക്കു വിധേയമായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 5.56 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 21.40 ലക്ഷം പേര്‍ എച്ച്‌ഐവി ബാധിതരാണ്. 40% സ്ത്രീകളാണ്. കേരളത്തില്‍ 34,748 രോഗികളുണ്ട്. പുതിയ രോഗികളുടെ എണ്ണം കുറയുന്നെങ്കിലും ഒരു മാസം ശരാശരി 100 പേര്‍ക്കെങ്കിലും പുതുതായി രോഗം ബാധിക്കുന്നു. 2030 ല്‍ എയ്ഡ്സ് രോഗത്തെ ലോകത്തു നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായാണു ലോകാരോഗ്യ സംഘടന മുന്നോട്ടു പോകുന്നത്.
സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് പലരും ചികിത്സ തേടാനും ഡോക്ടറെ കാണാനും മടിക്കുന്നത്. രോഗം ഗുരുതരമാകുമ്ബോള്‍ മാത്രമാണ് പലരും ആശുപത്രികളിലെത്തുന്നത്. പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കാന്‍ പലരും മടിക്കും.
ഓര്‍ക്കുക, രോഗം വരാതെ സൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. അതേസമയം, കൃത്യസമയത്തെ രോഗനിര്‍ണയവും ചിട്ടയായ ചികിത്സയും മാത്രമാണ് രോഗം കണ്ടുപിടിച്ചു കഴിഞ്ഞാല്‍, എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം.
0 Comments