പുഴയിലെ ചെളിനീക്കല്‍ തുടങ്ങി; പ്രഹസനമെന്ന് ആരോപണം


ഇരിട്ടി: പ്രളയത്തില്‍ പുഴയില്‍ അടിഞ്ഞ കല്ലും ചെളിയും നീക്കി നീരൊഴുക്ക് ക്രമപ്പെടുത്താനുള്ള പണി ജലസേചനവിഭാഗം ആരംഭിച്ചു. ബാരാപോള്‍ പുഴയുടെ ഭാഗമായ വള്ളിത്തോട് പാലത്തിനു സമീപമാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള ചെളിനീക്കല്‍ ആരംഭിച്ചിരിക്കുന്നത്. 2018-ലെ പ്രളയത്തില്‍ അടിഞ്ഞ കല്ലും ചെളിയുമാണ് ഇപ്പോള്‍ നീക്കുന്നത്.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ കല്ലും ചെളിയും കോരി പുഴ ഒഴുകുന്ന ഭാഗത്തുതന്നെ കൂട്ടിയിടുകയാണ്. ഇതുകൊണ്ട് പ്രയോജനമില്ലെന്ന ആക്ഷേപമുയര്‍ന്നുകഴിഞ്ഞു. ഇത് കരാറുകാരനും മറ്റുചിലര്‍ക്കും ഗുണമുണ്ടാക്കാന്‍ നടത്തുന്ന പ്രവൃത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 12 ലക്ഷത്തോളം മുടക്കി 700 മീറ്ററാണ് ഇത്തരത്തില്‍ ഒഴുക്ക് ക്രമപ്പെടുത്തുന്നത്.

മാക്കൂട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ബാരാപോള്‍ പുഴ കഴിഞ്ഞവര്‍ഷവും ഇത്തവണയും നിറഞ്ഞുകവിഞ്ഞ് പുഴയുടെ ഇരുകരകളിലും വെള്ളം കയറിയിരുന്നു. ഇതുമൂലം പുഴയില്‍ മണലും കല്ലുകളും അടിഞ്ഞു. പുഴയുടെ പല ഭാഗങ്ങളിലും വന്‍ മണല്‍ത്തിട്ടകളാണ് രൂപംകൊണ്ടത്. ഇത്തരം മണല്‍ത്തിട്ടകള്‍ നീക്കുന്നതിനുപകരം വെള്ളം കുറഞ്ഞ സമയത്ത് പുഴയൊഴുകുന്ന ഭാഗത്തെ നീരൊഴുക്ക് കൂട്ടാനായി നടത്തുന്ന പ്രവൃത്തികൊണ്ട് പ്രയോജനമുണ്ടാവില്ലെന്നാണ് ആക്ഷേപം.

ബാവലി, ബാരാപോള്‍ പുഴനിറയെ കല്ലും ചെളിയും മണലും നിറഞ്ഞിരിക്കുകയാണ്. പുഴകളുടെ ഇരുകരകളിലും വന്‍തോതില്‍ കരയിടിച്ചിലുമുണ്ടായിട്ടുണ്ട്. പുഴയുടെ ചെറിയൊരു ഭാഗത്തുമാത്രം ഇത്തരത്തില്‍ ആഴം കൂട്ടിയതുകൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല.

എല്ലാവര്‍ഷവും പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ അടുത്ത കാലവര്‍ഷത്തില്‍ ഇപ്പോള്‍ ആഴംകൂട്ടിയ ഭാഗം മണലും കല്ലും നിറഞ്ഞ് നീരൊഴുക്കിന്റെ ശക്തി കുറയാനുള്ള സാധ്യത ഏറെയുമാണ്. കൂടാതെ ഇപ്പോള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ ചെളിയും കല്ലും കോരി പുഴക്കരയില്‍ത്തന്നെ കൂട്ടിയിട്ടത് അടുത്തതവണ പുഴയില്‍ത്തന്നെ അടിയുമെന്നുമാണ് നാട്ടുകാരുടെ വാദം.

പ്രളയാനന്തര പുനര്‍നിര്‍മാണം എന്നപേരില്‍ വകുപ്പിന് ലഭിച്ച പണം ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ അഴിമതിക്ക് വഴിയൊരുക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. വളഞ്ഞൊഴുകുന്ന പുഴയെ നേരെയാക്കുന്ന പ്രവൃത്തിയാണ് നടത്തുന്നതെന്നാണ് ജലസേചനവിഭാഗം പറയുന്നത്.