ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതികളില്‍ ശേഷിക്കുന്നവ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് നിലവിലെ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനിയും ആരംഭിച്ചിട്ടില്ലാത്ത പദ്ധതികള്‍ ജനുവരിയില്‍ തന്നെ തുടങ്ങാന്‍ നടപടി സ്വീകരിക്കണം. വിവിധ വകുപ്പുകളില്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധികളില്‍ ഗുണഭോക്തൃ പട്ടികയും മറ്റ് വിവരങ്ങളും ഡിസംബറില്‍ തന്നെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ശേഖരിക്കണം. ഇവ ലഭ്യമാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം തയ്യാറാക്കി അതിനനുസരിച്ച് പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിര്‍വഹണത്തിലെ തടസ്സങ്ങള്‍ നീക്കുവാനും പുരോഗതി വിലയിരുത്തുവാനും ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങളുണ്ടാക്കി അവര്‍ക്ക് ചുമതലകള്‍ നല്‍കണം. വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളുടെ നിര്‍വഹണത്തിലെ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ലൈഫ് ഭവന പദ്ധതിയില്‍ പഞ്ചായത്തുകള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി ഒരു കോടിയിലേറെ രൂപ വകയരുത്തിയിട്ടുണ്ട്. എന്നാല്‍ ഗുണഭോക്താവിന്റെ അക്കൗണ്ടുകളിലേക്ക് പണം പൂര്‍ണമായി മാറ്റിനല്‍കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്ന് യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യം, കൃഷി തുടങ്ങിയ വകുപ്പുകള്‍ക്കു കീഴിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറെ മുന്നോട്ടുപോയതായി യോഗം വിലയിരുത്തി. അതേസമയം, ഫിഷറീസ്, പട്ടികജാതി തുടങ്ങിയ വകുപ്പുകള്‍ പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിറകിലാണ്. ആറളം ഉള്‍പ്പെടെയുള്ള പട്ടികവര്‍ഗ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളെ നേരിടുന്നതിനുള്ള പരിശീലനം ഉള്‍പ്പെടെയുള്ള മോട്ടിവേഷന്‍ ക്ലാസ്സുകള്‍ ജനുവരിയില്‍ തന്നെ സംഘടിപ്പിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രിയില്‍ പുതിയ കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുന്ന മുറയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുക ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിദ്യാലയങ്ങളിലെ ലാബുകളുടെ ശാക്തീകരണത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും നെല്‍കൃഷി പ്രോത്സാഹന പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ വേണമെന്നും അഭിപ്രായങ്ങളുണ്ടായി. 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകളെ കുറിച്ചും ഇത്തവണത്തെ പദ്ധതി നിര്‍വഹണത്തിലുണ്ടായ പ്രതിസന്ധികള്‍ മറികടക്കാനുള്ള വഴികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ, അന്‍സാരി തില്ലങ്കേരി, ടി ആര്‍ സുശീല, പി ഗൗരി, കെ മഹിജ, കെ നാണു, സെക്രട്ടറി വി ചന്ദ്രന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments