സംഭരണ ശേഷി കൈവരിക്കുന്നതിന് മുന്നേ പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ തുറന്നു

ഇരിട്ടി: സംഭരണ ശേഷി കൈവരിക്കുന്നതിന് മുന്നേ പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ തുറന്നു
 സംഭരണ ശേഷി കൈവരിക്കുന്നതിന് മുന്‍മ്പെ പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിട്ടതില്‍ ദുരൂഹത. സംഭരണ ശേഷി കൈവരിക്കുന്നതിന് മുന്നെ   ഷട്ടറുകള്‍ തുറന്നത് ബാഹ്യ സമ്മര്‍ദ്ദം കാരണമാണെന്ന ആരോപണമാണ് ഉയരുന്നത്.  ഒരു പരിധിക്കപ്പുറം വെള്ളം കെട്ടി നിര്‍ത്തുന്നത് ഇരിട്ടി പാലത്തിന്റെ നിര്‍മ്മാണത്തെ ബാധിക്കുന്നുവെന്നാണ് വെള്ളം തുറന്നു വിട്ടതിന് അധികൃതര്‍ കാരണമായി പറയുന്നത്. പദ്ധതിയില്‍ ഫുള്‍ റിസര്‍വോയര്‍  (എഫ്.ആര്‍.എല്‍) ലെവല്‍ വെള്ളം നിര്‍ത്തിയാല്‍ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്ത് വെളളം കയറും .ഇതോടെ സ്‌റ്റേഡിയത്തിനായി മറ്റൊരു സ്ഥലം കണ്ടത്തേണ്ടിവരും. പദ്ധതി പ്രദേശത്തിന്റെ ഭാഗമായ അഞ്ച് ഏക്കര്‍ ചതുപ്പു നിലം മണ്ണിട്ടു നികത്തിയാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഇവിടെ വെള്ളം കയറിയതിനാല്‍  ചതുപ്പ് നികത്തുന്നത് ആശങ്കയോടെയാണ് സമീപ വാസികള്‍ കാണുന്നത്.
26.52 മീറ്ററാണ് പദ്ധതിയുടെ സംഭരണ ശേഷി. ഒന്നര ആഴ്ച്ച മുന്‍മ്പാണ് പദ്ധതിയുടെ 16 ഷട്ടറുകളും അടച്ച് കുടിവെള്ളവിതരണത്തിനായി വെള്ളം സംഭരിക്കാന്‍ തുടങ്ങിയത്. പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് പമ്പിങ്ങിനെ ബാധിക്കുമെന്ന്  ജല അതോരിറ്റി ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ അടച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ പദ്ധതിയുടെ വ്യഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴയാണ് വെള്ളം റിക്കാഡ് വേഗത്തില്‍ കയറാന്‍ ഇടയാക്കിയത്.
 പദ്ധതി പ്രദേശം സംരക്ഷിക്കാന്‍ ഇത്തവണ എഫ്.ആര്‍.എല്‍ ലെവല്‍ വെള്ളം സംഭരിക്കുമെന്ന് ജലസേചന വിഭാഗം അധികൃതരും പറഞ്ഞിരുന്നത്. എന്നിട്ടും വെള്ളം തുറന്നു വിട്ടതിലാണ് ദുരുഹത. സംഭരണ ശേഷി കൈവരിക്കാന്‍ രണ്ട് അടിയോളം വെളളം ഉയരണം. ഇതിന് മുന്‍മ്പ് തന്നെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്ത് വെള്ളം കയറിയിരുന്നു. പൂര്‍ണ്ണ സംഭരണ ശേഷിയില്‍ എത്തുമ്പോഴെക്കും അഞ്ചേക്കര്‍ ചതുപ്പു നിലവും വെള്ളത്തില്‍ മുങ്ങും. ഇത് ഒഴിവാക്കാനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദമാണ് വെള്ളം തുറന്നുവിട്ടതിന് പിന്നിലെന്നാണ് ഇവിടെ സ്റ്റേഡിയത്തെ എതിക്കുന്നവരുടെ വാദം. പദ്ധതി പ്രദേശം സംരക്ഷിക്കാന്‍ സാധ്യതപ്പെട്ടവര്‍ തന്നെ വെളളം കയറുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കാന്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും ശക്തമാവുകയാണ്