എടക്കാട്ബസാറില്‍ കയറാതെ ബൈപ്പാസ് വഴി പോയ ബസ് നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചു
എടക്കാട്: കണ്ണൂരില്‍നിന്ന് തലശ്ശേരിയിലേക്കുള്ള ബസ്സുകള്‍ എടക്കാട് ബസാറില്‍ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകുന്നത് പതിവാകുന്നു. ഓര്‍ഡിനറി ബസ്സുകള്‍ക്ക് ബസാറിലൂടെ പോകുന്നതിനാണ് അനുമതി. എന്നാല്‍, ചില ബസ്സുകള്‍ ബൈപ്പാസ് വഴി പോകുന്നത് ബസാറിലെ സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നവരെ ദുരിതത്തിലാക്കുന്നു.
ബുധനാഴ്ച വൈകുന്നേരം ബൈപ്പാസിലൂടെ പോകാന്‍ ശ്രമിച്ച സ്വകാര്യ ബസ് ബൈപ്പാസ് കവലയില്‍ നാട്ടുകാര്‍ തടഞ്ഞ് ബസാര്‍ വഴി തിരിച്ചുവിട്ടു. വൈകുന്നേരങ്ങളില്‍ ഒട്ടേറെ യാത്രക്കാര്‍ ബസാര്‍ സ്റ്റോപ്പില്‍ കാത്തുനില്‍ക്കാറുണ്ട്. ദീര്‍ഘദൂര ബസ്സുകള്‍ക്കാണ് ബൈപ്പാസിലൂടെ പോകുന്നതിന് അനുമതിയുള്ളത്.
സമയം പാലിക്കാനെന്ന് ബസ് ജീവനക്കാര്‍
താഴെചൊവ്വയിലെയും നടാലിലെയും റെയില്‍വേ ഗേറ്റിലും ചൊവ്വയിലെ കുരുക്കിലും പെട്ട് വൈകി വരുമ്ബോഴാണ് ബസാറില്‍ കയറാതെ ബൈപ്പാസിലൂടെ പോകുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. സമയം പാലിക്കാനായി യാത്രക്കാരെപോലും കയറ്റാതെ പോകേണ്ട സ്ഥിതിയുണ്ട്. ട്രിപ്പ് പോലും മുടങ്ങുന്ന സ്ഥിതിയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു
നടപടിയെടുക്കും -പോലീസ്
ബസാറില്‍ കയറാതെ ബൈപ്പാസ് വഴി പോകുന്ന ബസുകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് എടക്കാട് എസ്.ഐ. ടി.കെ.ഷീജു പറഞ്ഞു. പലവതവണ ബസ് ഡ്രൈവര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


0 Comments