ഗതാഗത നിരോധനം നീങ്ങിയെങ്കിലും ചുരംപാത നവീകരണം എങ്ങുെമത്തിയില്ല
ഇരിട്ടി: കൂട്ടുപുഴ-വിരാജ്‌പേട്ട പാതയില്‍ മണ്ണിടിച്ചലിനെത്തുടര്‍ന്ന് ബസ്സുകള്‍ക്കും ചരക്കുലോറികള്‍ക്കും ഏര്‍പ്പെടുത്തിയ ഗതാഗത നിരോധനം പിന്‍വലിച്ചെങ്കിലും മാക്കൂട്ടം ചുരംപാത ശാസ്ത്രീയമായി നവീകരിക്കാനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നു.
ഇടിഞ്ഞഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തി സ്ഥാപിക്കുന്ന പണി പൂര്‍ത്തിയായിട്ടില്ല. തകര്‍ന്നഭാഗങ്ങളിലെ ടാറിടലും തുടങ്ങിയിട്ടില്ല. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ ഏര്‍പ്പെടുത്തിയ താത്കാലിക സംവിധാനം അല്‍പ്പം വികസിപ്പിച്ചാണ് ഇപ്പോള്‍ ബസ്സുകള്‍ക്ക് പോകാന്‍ സഹചര്യമുണ്ടാക്കിയിരിക്കുന്നത്.
ചുരംപാതയെ അപകടഭീതിയില്‍നിന്ന് ഒഴിവാക്കാന്‍ കൊല്ലിയോടുചേര്‍ന്ന ഭാഗങ്ങളില്‍ അല്‍പ്പം വനഭൂമി പ്രയോജനപ്പെടുത്തി റോഡിന്റെ ഘടനയില്‍ മാറ്റംവരുത്താന്‍ ആലോചിച്ചിരുന്നെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
മാക്കൂട്ടംമുതല്‍ പെരുമ്ബാടിവരെയുള്ള 16 കിലോമീറ്റര്‍ റോഡാണ് അപകടഭീഷണിയില്‍. ഇവിടങ്ങളില്‍ കൊടുംവളവുകള്‍ നിവര്‍ത്തുന്നതിനും മണ്ണിടിയാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെ കുന്ന് ചെത്തിയിറക്കുന്നതിനും നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്.
ബെംഗളൂരു, മൈസൂരു യാത്രക്കാര്‍ക്ക് ആശ്വാസം
ചുരംപാതയിലൂടെ ബസ്സുകള്‍ക്കുള്ള നിരോധനം നീങ്ങിയതോടെ ഏറെ ആശ്വാസമായത് ബെംഗളൂരു, മൈസൂരു യാത്രക്കാര്‍ക്കാണ്. യാത്രാനിരോധനം ഏര്‍പ്പെടുത്തിയതോടെ ഇവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ഇരിട്ടി പാല്‍ച്ചുരം റോഡുവഴിയും കൂത്തുപറമ്ബ്-നെടുംപൊയില്‍ വഴി മാനന്തവാടി-കുട്ട-ഗോണികുപ്പ വഴിയുമാണ് കുടകില്‍ എത്തിയിരുന്നത്.
ഇത് നൂറുകിലോമീറ്ററോളം അധികയാത്രയും വന്‍ സമയനഷ്ടവുമാണ് ഉണ്ടാക്കിയിരുന്നത്. ഐ.ടി. മേഖലയിലുള്ളവര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കാണ് പുതിയ തീരുമാനം ഏറെ ആശ്വാസമാവുക.
വ്യാപാരമേഖലയില്‍ പച്ചക്കറിയുള്‍പ്പെടെയുള്ളവ മലബാറിലേക്ക് എളുപ്പത്തില്‍ എത്തിക്കുന്നതിനും നിരോധനനീക്കത്തിലൂടെ സാധിക്കും. ജില്ലയില്‍നിന്നും സര്‍വീസ് നടത്തുന്ന 30-ലധികം ടൂറിസ്റ്റ് ബസ്സുകള്‍ക്കും കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്കും വരുമാനവര്‍ധനയും ഇതിലൂടെ ഉണ്ടാവും.


0 Comments