ഒരു വീടിനായാണ്, സുരക്ഷക്കായാണ്


ചിറ്റാരിപ്പറമ്ബ്: കാലപഴക്കംകൊണ്ട് ജീര്‍ണാവസ്ഥയിലായ മണ്‍കട്ടകൊണ്ട് നിര്‍മിച്ച വീട് പുതുക്കിപ്പണിയുകയെന്ന പുതുശ്ശേരി ശോഭനയുടെ സ്വപ്നം ഇനിയും യാഥാര്‍ഥ്യമായില്ല. അമ്മയും സ്കൂള്‍ വിദ്യാര്‍ഥിയായ മകളും മാത്രം താമസിക്കുന്ന ഇടിഞ്ഞ് വീഴാറായ വീട് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ക്കൂടി പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന് തടസ്സമയത് കുടുംബത്തിന് ഒമ്ബത് സെന്റ് സ്ഥലം കൂടുതലായുള്ളതാണ്‌.

തൊടീക്കളത്തെ നടുക്കണ്ടിപ്പറമ്ബ് വീട്ടില്‍ പുതുശ്ശേരി ശോഭനയാണ് മകള്‍ക്ക് സുരക്ഷയേകാന്‍വേണ്ടി വിടുനിര്‍മിക്കാന്‍ സര്‍ക്കാര്‍ ഓഫീസുക്കള്‍ കയറിയിറങ്ങുന്നത്. ഗ്രാമസഭ വഴി നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും ഒന്നും പാസായില്ല.

വീടിന് അര്‍ഹതയുണ്ടങ്കിലും ശോഭനയ്ക്ക് അര്‍ഹതയുടെ പരിധി കഴിഞ്ഞ് ഒമ്ബത് സെന്റ് സ്ഥലം കൂടുതലായി ഉള്ളതുകൊണ്ട് അപേക്ഷ നിരസിച്ചതായി അധികൃതര്‍ അറിയിച്ചു. പക്ഷെ തൊടീക്കളം അഞ്ചാം വാര്‍ഡില്‍ തന്നെക്കാള്‍ സ്ഥലവും വരുമാനവുമുള്ള ആളുകള്‍ക്ക് വീടിന് അനുമതി കിട്ടിയതായി ശോഭന പരാതിപ്പെട്ടു.

കഴിഞ്ഞ പ്രളയകാലത്ത് വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നപ്പോള്‍ കണ്ണവം വില്ലേജ് ഓഫീസ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍കൂരയിലിടാന്‍ ഷീറ്റ് വാങ്ങി നല്‍കിയതായി ശോഭന പറഞ്ഞു.

ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് അപേക്ഷിച്ച്‌ ശോഭന കളക്ടര്‍ക്കും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിക്കും പരാതി നല്‍കി.