മുത്തങ്ങയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ഹാന്‍സ് പിടികൂടി
സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിതപുകയില ഉത്പന്നമായ ഹാന്‍സ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് അരി കയറ്റിക്കൊണ്ടുവന്ന ലോറിയില്‍നിന്ന് ഹാന്‍സ് പിടികൂടിയത്.
അരിച്ചാക്കുകള്‍ക്ക് മുകളില്‍, ഹാന്‍സ് പാക്കറ്റുകള്‍ ചാക്കില്‍ നിറച്ച് അടുക്കിവെച്ചശേഷം ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് ലോറി ചെക്ക് പോസ്റ്റിലെത്തിയത്. ലോറിയുടെ മുകളില്‍ കയറി ടാര്‍പോളിന്‍ ഷീറ്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് ചാക്കുകെട്ടുകള്‍ക്കുള്ളില്‍നിന്ന് ഹാന്‍സ് കണ്ടെടുത്തത്. 20 പ്ലാസ്റ്റിക് ചാക്കുകളിലായി 36,000 പാക്കറ്റ് ഹാന്‍സാണുണ്ടായിരുന്നത്. പിടിച്ചെടുത്ത ഹാന്‍സിന് ചില്ലറ വിപണിയില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്നതാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പടനിലം ആരാമ്ബ്രം സ്വദേശികളായ, ലോറിഡ്രൈവര്‍ പൂളക്കമണ്ണില്‍ എം. മുഹമ്മദ് ഷിക്കില്‍ (28), കുറ്റിയോയത്തില്‍ കെ. മുഹമ്മദ് റഹീസ് (21) എന്നിവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രതികളെയും പിടികൂടിയ ഹാന്‍സും ലോറിയും ബത്തേരി പോലീസിന് കൈമാറി. ബത്തേരിയിലേക്കാണ് ഹാന്‍സ് കടത്തിക്കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ എക്സൈസിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞു. കോഴിക്കോട്ടേയ്ക്ക് അരി കയറ്റി വരുമ്ബോള്‍, മൈസൂരു ബൈപ്പാസില്‍നിന്നാണ് ഹാന്‍സ് നിറച്ച ചാക്കുകള്‍ ലോറിയില്‍ കയറ്റിയത്. ഇത് ബത്തേരിയിലെ ബൈപ്പാസിലെത്തിച്ച് നല്‍കണം. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് അറിയില്ലെന്നും ഒരാളുടെ ഫോണ്‍ നമ്ബര്‍മാത്രമാണ് കൈയിലുള്ളതെന്നുമാണ് പ്രതികള്‍ പറഞ്ഞത്. മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം. മജു, എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, പി. ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, പി.എസ്. സുഷാദ് എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് പിടികൂടിയത്


0 Comments