ഇരുതലമൂരി ചില്ലറക്കാരനല്ല,​ ഒന്നേകാല്‍ കോടിക്ക് വില്‍ക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍, പാമ്ബിന് ഇത്രയും ഡിമാന്റ് വരാനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്



രാജ്‌ഗര്‍:1.25 കോടി രൂപയ്ക്ക് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. പാമ്ബിനെ അധികൃതര്‍ രക്ഷപ്പെടുത്തി. മദ്ധ്യപ്രദേശിലെ നര്‍സിംഗറില്‍ ഞായറാഴ്ചയാണ് സംഭവം. പ്രതികളില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

അപൂര്‍വമായി കാണപ്പെടുന്ന വിഷമില്ലാത്ത ഈ പാമ്ബുകളെ ചില മരുന്നുകളും, സൗന്ദര്യവര്‍ദ്ധകവസ്തുക്കളും ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. കൂടാതെ ഇത്തരം പാമ്ബുകള്‍ ഭാഗ്യവും സമ്ബത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.അതിനാല്‍ത്തന്നെ ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിമാന്റാണ്.

'പ്രതികള്‍ ഫോണില്‍ സംസാരിക്കുന്നതും, ബസ് സ്റ്റാന്‍ഡില്‍ പാമ്ബിനെ വില്‍ക്കുന്നതിനുള്ള കരാര്‍ എടുക്കുന്നതും ഞങ്ങളുടെ ഇന്‍ഫോമര്‍ കേട്ടു. അദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം ഞങ്ങളെ അറിയിച്ചു.പവന്‍ നഗര്‍, ശ്യാം ഗുര്‍ജാര്‍ എന്നീ പ്രതികളുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്ന് പാമ്ബിനെ കണ്ടെടുത്തു. ഇവര്‍ക്കൊപ്പം മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടായിരുന്നു"-നരസിംഗര്‍ പൊലീസ് ഓഫീസര്‍ കൈലാഷ് ഭരദ്വാജ് പറഞ്ഞു.

"മദ്ധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ നിന്ന് പാമ്ബിനെ വാങ്ങിയതായും, വില്‍ക്കാനാണ് നര്‍സിംഗറിലെത്തിയതെന്നും പ്രതികള്‍ ഞങ്ങളോട് പറഞ്ഞു. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ പാമ്ബിന് 1.25 കോടി വിലവരുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞു' പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.