മഞ്ജു വാര്യരുടെ ഷൂട്ടിങ് കാണാന്‍ പോയി; മാതാവിനെ മറന്ന് മകന്‍



തിരുവനന്തപുരം: പെന്‍ഷന്‍ കാര്യം തിരക്കാന്‍ അമ്മയെ ട്രഷറിയില്‍ വിട്ട് മഞ്ജു വാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയ മകന്‍ അമ്മയെ മറന്നു. കൂടെ വന്ന മകനെ കാണാതെ മണിക്കൂറോളം അലഞ്ഞു അമ്മ വലഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് വിളവൂര്‍ക്കല്‍ സ്വദേശിനിയും മകനും മലയിന്‍കീഴ് ട്രഷറിയില്‍ വന്നത്. തിരക്കു കാരണം മകന്‍ അകത്തേക്കു കയറിയില്ല. ആവശ്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ അമ്മ, മകനെ കണ്ടില്ല.

കൈയില്‍ മൊബൈല്‍ ഫോണും ഇല്ലായിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും മകന്‍ വന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി. പക്ഷേ താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറോടു പറഞ്ഞ സ്ഥലത്ത് എത്തി കുറെ നേരം കറങ്ങിയെങ്കിലും വീട് കണ്ടെത്താനായില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍
മലയിന്‍കീഴ് കരിപ്പൂരിനു സമീപം റോഡരികില്‍ ഇറക്കി വിട്ടു..

വഴിയരികില്‍ നിറഞ്ഞ കണ്ണുകളുമായി നിസ്സഹായതയില്‍നിന്ന വീട്ടമ്മയോടു കാര്യമന്വേഷിച്ച സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പൊലീസ് മകന്റെ ഫോണ്‍ നമ്ബര്‍ കണ്ടെത്തി. അപ്പോഴാണ് മകന്‍ ട്രഷറിയുടെ സമീപമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. അമ്മയെ സ്‌റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പൊലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി 'ഗുണദോഷിച്ചു' കൂടെ പറഞ്ഞു വിട്ടു.