വിമാനത്താവള റോഡിലെ തെരുവുവിളക്കുകള്‍ കത്തുന്നില്ല


മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റോഡിലെ തെരുവുവിളക്കുകള്‍ ഇടയ്ക്കിടെ പ്രവര്‍ത്തനരഹിതമാവുന്നതായി പരാതി. വായന്തോട് മുതല്‍ വിമാനത്താവള കവാടമായ കല്ലേരിക്കരവരെയാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്. മിക്കദിവസങ്ങളിലും വിളക്കുകള്‍ കത്തുന്നില്ലെന്ന് പ്രദേശവാസികളും യാത്രക്കാരും പറയുന്നു .

വലിയ പരാതികള്‍ക്കും പ്രതിഷേധത്തിനും ശേഷമാണ് അഞ്ചുമാസം മുമ്ബ് വിമാനത്താവള റോഡിലെ തെരുവുവിളക്കുകള്‍ പ്രകാശിച്ചുതുടങ്ങിയത്. വിമാനത്താവളം പ്രവര്‍ത്തനംതുടങ്ങുന്നതിന് മുമ്ബുതന്നെ കിയാലിന്റെ ഫണ്ടുപയോഗിച്ച്‌ വിളക്കുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവയുടെ വൈദ്യുതി ചാര്‍ജ് വഹിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കാന്‍ വൈകിയതിന് ഇടയാക്കിയത്.
ഒടുവില്‍ നഗരസഭതന്നെ ബാധ്യത ഏറ്റെടുത്ത് വിളക്കുകള്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. വിളക്കുകള്‍ വന്നതോടെ ഈ റോഡിലെ അപകടങ്ങളും കുറഞ്ഞിരുന്നു. സാങ്കേതികപ്രശ്നം മൂലമാണ് വിളക്കുകള്‍ ഇടയ്ക്ക് പ്രവര്‍ത്തിക്കാതാകുന്നതെന്നാണ് സൂചന.