ചാല-കോയ്യോട്-മൗവ്വഞ്ചേരി റോഡുപണി നിര്‍ത്തി


ചാല: ചാല-കോയ്യോട്-മൗവ്വഞ്ചരി റോഡിന്റെ പണി നിര്‍ത്തിയത് നാട്ടുകാരെ ദുരിതത്തിലാക്കി. ചാലമുതല്‍ മൗവ്വഞ്ചേരിവരെയുള്ള റോഡ് മെക്കാഡം ടാറിടാനായി അഞ്ചുകോടി രൂപയാണ് പാസായത്. മൂന്നുമാസമായി പണി തുടങ്ങിയിട്ട്.

റോഡിന്റെ വശങ്ങളില്‍ ഓവുചാലുകള്‍ നിര്‍മിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകള്‍ക്ക് സ്ലാബും നിര്‍മിച്ചു. രണ്ടിടത്ത് കലുങ്കിന്റെ നിര്‍മാണവും നടന്നു. എന്നാല്‍, പിന്നീട് പണിയൊന്നും നടന്നില്ല.

റോഡില്‍ നിറയെ കരിങ്കല്‍ച്ചീളുകള്‍ തള്ളിയിട്ടുണ്ട്. വാഹനങ്ങള്‍ പോകുമ്ബോള്‍ വലിയതോതില്‍ പൊടി ഉയരുന്നു. ഇത് യാത്രക്കാര്‍ക്കും റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ബുദ്ധിമുട്ടാകുന്നു. പലര്‍ക്കും പൊടിശ്വസിച്ച്‌ അസുഖങ്ങള്‍ വന്നു. റോഡരികിലെ വ്യാപാരികളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. പൊടികാരണം കടകള്‍ തുറക്കാന്‍ കഴിയുന്നില്ല.

പൊടി ഉയരുന്നതുകാരണം എതിരേവരുന്ന വാഹനങ്ങള്‍ കാണാന്‍കഴിയുന്നില്ലെന്നും പരാതിയുണ്ട്. വെള്ളംതളിച്ച്‌ പൊടി ശമിപ്പിക്കാന്‍ കരാറുകാരന്‍ തയ്യാറാകുന്നില്ല. ചിലയിടത്ത് വീട്ടുകാര്‍ വെള്ളമൊഴിച്ച്‌ പൊടി ശമിപ്പിക്കുന്നു. വീടുകളുടെ ജനലും വാതിലും തുറക്കാന്‍ കഴിയുന്നില്ല. റോഡില്‍ കല്ലുകള്‍ നിരന്നുകിടക്കുന്നതുകാരണം വാഹനങ്ങള്‍ക്ക് പോകാന്‍ പ്രയാസമാണ്.

വാഹനങ്ങള്‍ പോകുമ്ബോള്‍ കല്ലുകള്‍ തെറിക്കുന്നു. റോഡുപണി വൈകുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍, റോഡിന്റെ ജോലികള്‍ ഉടന്‍ തുടങ്ങുമെന്നും ജനുവരിയോടെ പണിതീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.