കെ.എസ്.ടി.പി. പ്രോജക്‌ട്‌ ഡയറക്ടര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി




ഇരിട്ടി: കെ.എസ്.ടി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാനപാതയുടെ നവീകരണം മേയ് 30-നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കെ.എസ്.ടി.പി. പ്രോജക്‌ട്‌ ഡയറക്ടര്‍ കരാര്‍ കമ്ബനികള്‍ക്ക് നിര്‍ദേശംനല്‍കി. രണ്ട് റിച്ചുകളായി നടക്കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനെത്തിയ പ്രോജക്‌ട്‌ ഡയറക്ടര്‍ എം.ജി. രാജമാണിക്യമാണ് 30-നുള്ളില്‍ തീര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്.

തലശ്ശേരിമുതല്‍ കളറോഡുവരെയുള്ള ഒന്നാം റീച്ചും കളറോഡുമുതല്‍ കൂട്ടുപുഴ വളവുപാറവരെ രണ്ടാം റീച്ചുമായാണ് പ്രവൃത്തി തുടങ്ങിയത്. ഇരിട്ടി, കൂട്ടൂപുഴ ഉള്‍പ്പെടെ ഏഴ് പാലങ്ങളുടെയും 52 കിലോമീറ്റര്‍ റോഡിന്റെയും നിര്‍മാണം 2018 ഡിസംബറില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. രണ്ടുതവണ കരാര്‍ കലാവധി നീട്ടിനല്‍കിയിട്ടും നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പരാതി ഉയര്‍ന്നിരുന്നു.

തലശ്ശേരിമുതല്‍ കളറോഡുവരെയുള്ള പ്രവൃത്തിയിലെ കാലതാമസമാണ് പരാതിക്കിടയാക്കിയത്. ഇതോടൊപ്പം ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിര്‍മാണപ്രതിസന്ധിയും നേരിട്ട്‌ മനസ്സിലാക്കുന്നതിനാണ് രാജമാണിക്യം എത്തിയത്. സണ്ണി ജോസഫ് എം.എല്‍.എ. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ പ്രോജക്‌ട്‌ ഡയറക്ടറോഡ് ആവശ്യപ്പെട്ടിരുന്നു.

ഇരിട്ടി പാലം നിര്‍മാണത്തിനായി പുഴയില്‍ മണ്ണിടുന്നതിനെതിരേയും പരാതി ഉയര്‍ന്നിരുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രോജക്‌ട്‌ ഡയറക്ടര്‍ അവശേഷിക്കുന്ന പ്രവൃത്തി മേയ് 30-നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു. കരാല്‍ കമ്ബനി റസിഡന്റ് എന്‍ജിനീയര്‍ പി.എന്‍.ശശികുമാര്‍, കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ വി.എസ്.മനിഷ, അസി. എന്‍ജിനീയര്‍ കെ.വി.സതീശന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍, ഡെപ്യൂട്ടി റസിഡന്റ് എന്‍ജിനീയര്‍ പി.കെ.ജോയി, ബ്രിഡ്ജ് എന്‍ജിനീയര്‍ കെ.കെ.രാജേഷ്, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീജ ചോറന്‍, എം.എല്‍.എ. പി.എ.സി.എ.ജസീര്‍ എന്നിവര്‍ സംബന്ധിച്ചു.