ഡല്‍ഹിയിലെ പോരാട്ടത്തില്‍ അണി ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയും മകളും




ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തില്‍ അണി നിരന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മകളും. ഇന്നലെ ഓള്‍ഡ് ഡല്‍ഹിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ഗേറ്റില്‍ രാത്രി ഏഴുമണിയോടെ നടന്ന ധര്‍ണയില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി മകള്‍ മിറായക്കൊപ്പമെത്തിയത്.

പൗരത്വം തെളിയിക്കാന്‍ ഓരോ ഇന്ത്യക്കാരനും അപേക്ഷയുമായി തങ്ങള്‍ക്കു മുന്നില്‍ വരി നില്‍ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടെന്നും ഈ നിയമം സാധാരണക്കാരെയാവും കൂടുതലായും ബാധിക്കുകയെന്നും പ്രിയങ്ക ആരോപിച്ചു. നോട്ട് നിരോധനത്തിന് ശേഷം ജനത്തെ വരിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നിയമമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ തിങ്കളാഴ്ചയും പ്രിയങ്ക ഇന്ത്യ ഗേറ്റില്‍ ധര്‍ണ നടത്തിയിരുന്നു.