വിനോദയാത്രയ്‌ക്കിടെ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു




മേപ്പാടി/മുതുകുളം: വയനാട്ടില്‍ വിനോദയാത്രയ്‌ക്കെത്തിയ ആലപ്പുഴ കായംകുളം വലിയഴീക്കല്‍ സ്വദേശികളായ മൂന്നു യുവാക്കള്‍ മേപ്പാടി ചുളിക്കയില്‍ പുഴയില്‍ മുങ്ങിമരിച്ചു. പെരുമ്ബള്ളി പുത്തന്‍പറമ്ബില്‍ ധനേശന്റെ മകന്‍ നിധിന്‍ (24), പീക്കാട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ ജിതിന്‍ (23), രാമഞ്ചേരി പുത്തന്‍മംഗലം ബിനുവിന്റെ മകന്‍ ബിജിലാല്‍ (23) എന്നിവരാണു മരിച്ചത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെയായിരുന്നു സംഭവം.
കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ ആറംഗസംഘം കാറില്‍ വയനാട്ടിലെത്തിയത്‌. കുളിക്കാന്‍ പോയപ്പോള്‍ കാല്‍വഴുതി പുഴയില്‍ വീണ നിധിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ജിതിനും ബിജിലാലും മുങ്ങിത്താണത്‌. നിധിനു നീന്തല്‍ വശമുണ്ടായിരുന്നില്ല. മൂന്നു പേരും ഒഴുക്കില്‍പ്പെട്ടതു കണ്ട്‌ സൃഹൃത്തുക്കള്‍ അര കിലോമീറ്ററോളം ഓടി ചുളിക്ക സ്‌കൂള്‍പടിയിലെത്തിയാണ്‌ നാട്ടുകാരെ വിവരമറിയിച്ചത്‌. ഒഴുക്കില്‍പ്പെട്ടവരെ അഗ്നിരക്ഷാ സേന എത്തുന്നതിനു മുമ്ബ്‌ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ഇന്നു നാട്ടിലേക്കു മടങ്ങാനിരിക്കെയാണു ദുരന്തം. ഉച്ചഭക്ഷണം കരുതണമെന്ന്‌ സ്‌കൂള്‍പടിക്കലെ മെസില്‍ പറഞ്ഞേല്‍പ്പിച്ച ശേഷമാണ്‌ ആറുപേരും കുളിക്കാനായി പുഴയിലേക്കു പോയത്‌. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്കു കൈമാറും.