ഈ കുരുമുളകുതോട്ടത്തിനുമുന്നില്‍ തോറ്റത് രണ്ടുപ്രളയങ്ങള്‍




എടവക :കറുത്ത പൊന്നിന് വേരോട്ടമുളള മണ്ണാണ് വയനാട്. ഇവിടത്തെ കുരുമുളക് യൂറോപ്പുകാരുടെ തീന്‍മേശയിലും പ്രിയപ്പെട്ടതായി. ഇങ്ങനെയൊക്കയാണെങ്കിലും ഒന്നര പതിറ്റാണ്ടിലധികമായി വയനാട്ടിലെ കുരുമുളകുകര്‍ഷകര്‍ക്കിടയില്‍നിന്ന്‌ ശുഭവാര്‍ത്തകളില്ല. കാലാവസ്ഥാവ്യതിയാനവും പ്രതികൂലസാഹചര്യങ്ങളും രോഗങ്ങളുമെല്ലാം തോട്ടങ്ങളില്‍ കരിനിഴല്‍വീഴ്ത്തി.

കൂടുതല്‍ കുരുമുളകുകൃഷിയുണ്ടായിരുന്ന പുല്പള്ളിയില്‍പോലും വന്‍തോതില്‍ ഉത്‌പാദനക്കുറവുണ്ടായി. ഈ വെല്ലുവിളികള്‍ക്കിടയില്‍നിന്നാണ് വേറിട്ടൊരു വിജയഗാഥ ശ്രദ്ധിക്കപ്പെടുക. എടവക പഞ്ചായത്തിലെ ദ്വാരക പുലിക്കാട് താഴെ കോളേരിയില്‍ സന്തോഷ് എന്ന യുവകര്‍ഷകന്‍ രണ്ടുപതിറ്റാണ്ടായി കുരുമുളകുകൃഷിയില്‍ ജീവിതവരുമാനം കണ്ടെത്തുന്നു. സ്വന്തംതോട്ടത്തില്‍നിന്ന്‌ പ്രതിവര്‍ഷം പത്ത് ക്വിന്റലിലധികം കുരുമുളക് സന്തോഷ് ഇപ്പോഴും വിളവെടുക്കുന്നു. പരമ്ബരാഗതമായ കൃഷിരീതിമാത്രം അവലംബിക്കുന്ന ഈ കര്‍ഷകന് കുരുമുളകില്‍തന്നെയാണ് ഇപ്പോഴും പ്രതീക്ഷ. നീര്‍ത്തടങ്ങള്‍ വേണ്ടാത്ത പരീക്ഷണം

രണ്ടുമഹാപ്രളയം തുടര്‍ച്ചയായിവന്നപ്പോഴും രണ്ടേക്കറോളമുള്ള തോട്ടത്തിലെ കുരുമുളകുവള്ളിക്കൊന്നും കാര്യമായപ്രശ്‌നങ്ങള്‍ വന്നില്ല. കുന്നിന്റെമുകളില്‍നിന്ന്‌ മുപ്പതുഡിഗ്രിയോളം പടിഞ്ഞാറേക്ക് ചെരിവുള്ളതാണ് കൃഷിയിടം. മുമ്ബ് മൊട്ടക്കുന്നായിരുന്ന സ്ഥലം മൂന്നരപതിറ്റാണ്ടുമുമ്ബ് കൃഷിയിടമാക്കിമാറ്റുകയായിരുന്നു. പന്നിയൂര്‍ ഇനം കുരുമുളകാണ് അധികവും നട്ടുപിടിപ്പിച്ചത്. കുറച്ച്‌ കല്ലുവള്ളിയും കൂട്ടത്തിലുണ്ട്. ചെരിവുള്ള കൃഷിയിടത്തില്‍ ഒരു ഇടക്കൊള്ളുപോലും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇതാണ് പ്രളയകാലത്തെ അതിജീവിക്കാന്‍ ഗുണകരമായതെന്ന് ഈ കര്‍ഷകന്‍ പറയുന്നു. പെയ്തുവീഴുന്ന മഴവെള്ളം പരിധിയില്‍ കവിഞ്ഞതെല്ലാം കൃഷിയിടത്തില്‍നിന്ന്‌ ഒഴുകിപ്പോകും. വേരുചീയല്‍ തുടങ്ങിയ പ്രവണതകള്‍ക്ക് തടയിട്ടു. മഞ്ഞളിപ്പും തീരെ കാണാനില്ല. ഇരുപതുവര്‍ഷം പഴക്കമുള്ള വള്ളിയില്‍പോലും കുരുമുളക് നന്നായി തിരിയിട്ടു. പെരുമഴയും കാര്യമായി ഈ തോട്ടത്തെ ബാധിച്ചിട്ടില്ല.