പൗരത്വ നിയമഭേദഗതി; സംസ്ഥാന സര്‍ക്കാരിനെതിരെ വന്നാല്‍ ആദ്യം രംഗത്തിറങ്ങുക കോണ്‍ഗ്രസ് -കെ.മുരളീധരന്‍
തലശ്ശേരി: പൗരത്വനിയമ ഭേദഗതി നടപ്പാക്കാത്തതിന്റെപേരില്‍ സംസ്ഥാന സര്‍ക്കാരിനെ തൊടാന്‍വന്നാല്‍ അതിനെതിരേ ആദ്യം രംഗത്തിറങ്ങുക കോണ്‍ഗ്രസായിരിക്കുമെന്ന് കെ.മുരളീധരന്‍ എം.പി. പറഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം സംഘടനകളുമായി ചേര്‍ന്ന് പൗരത്വസംരക്ഷണസമിതി തലശ്ശേരിയില്‍ നടത്തിയ രാഷ്ട്രരക്ഷാറാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാല്‍, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ സംസ്ഥാന സര്‍ക്കാര്‍ അകാരണമായി അറസ്റ്റുചെയ്യുന്നത് തെറ്റാണ്. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റിനെ ഉള്‍പ്പെടെ അറസ്റ്റുചെയ്തു.
കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടാല്‍ കുട്ടികള്‍ ദേഷ്യംകൊണ്ട് കല്ലെടുത്ത് എറിഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിക്കലല്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം. ഡി.ജി.പി. മോദിയുടെ ആളാണ്. കോണ്‍ഗ്രസും ജനാധിപത്യശക്തികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭേദഗതി നടപ്പാക്കില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടേണ്ടതില്ല. രാജ്യത്ത് മതത്തിന്റെപേരില്‍ വിഭജനം നടക്കില്ലെന്ന് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. നാളെ ഇന്ത്യമുഴുവന്‍ അത് വ്യാപിക്കും. ഒറ്റക്കെട്ടായി ഒരുമിച്ചുനിന്ന് നാടിനെ രക്ഷിക്കണം -അദ്ദേഹം പറഞ്ഞു.
പൗരത്വ സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. കെ.എ.ലത്തീഫ് അധ്യക്ഷനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. സി.ടി.സജിത്ത്, സജ്ജീവ് മാറോളി, കെ.എസ്.ഹംസ, ജബീന ഇര്‍ഷാദ്, ജുനൈദ് സഅദി, അബ്ദുറഷീദ് സഖാഫി, സാദിഖ് ഉളിയില്‍, അഡ്വ. ഫര്‍ഹാന്‍ അബ്ദുള്‍ഗഫൂര്‍, ഷംസുദ്ദീന്‍ പാലക്കോട്, ഷുക്കൂര്‍ ചക്കരക്കല്ല്, അഡ്വ. പി.വി.സൈനുദ്ദീന്‍, യു.വി.അഷ്‌റഫ്, വി.കെ.ജവാദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് തുടങ്ങിയ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.


0 Comments