പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം: പ്രതി അറസ്റ്റില്‍



വര്‍ക്കല:വിവാഹവാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലം പരവൂര്‍ പെരുമ്ബുഴ മരുതുവിള വീട്ടില്‍ രാജേഷ്(29) ആണ് പിടിയിലായത്. വര്‍ക്കല കരുനിലക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ നവംബറില്‍ ആത്മഹത്യ ചെയ്തത്.

2018 ഡിസംബറില്‍ ശിവഗിരി തീര്‍ഥാടന സമയത്താണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ രാജേഷ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ബന്ധുകള്‍ വഴി വിവാഹാലോചന നടത്തി.

വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലം ബീച്ച്‌, കൊട്ടിയം മൈലക്കാട്, കരുനിലക്കോടുള്ള പെണ്‍കുട്ടിയുടെ ബന്ധുവീട് എന്നിവിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. പിന്നീട് ഇയാള്‍ ഒഴിവാകാന്‍ ശ്രമിച്ചതില്‍ മനംനൊന്താണ് പെണ്‍കുട്ടി നവംബര്‍ 21-ന് രാത്രി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചത്. മൃതദേഹപരിശോധനയില്‍ പെണ്‍കുട്ടി നിരന്തരം ലൈംഗികാതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയയായിട്ടുണ്ടെന്ന് ഫൊറന്‍സിക്‌സര്‍ജന്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

മരിച്ച പെണ്‍കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും രാജേഷാണ് വാങ്ങി നല്‍കിയതെന്നും പോലീസ് കണ്ടെത്തി. പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് രാജേഷ് മംഗലാപുരത്ത് ഒളിവില്‍പ്പോയിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നില്ലെന്നു ധരിച്ച്‌ പിന്നീടിയാള്‍ പരവൂരിലെ വീട്ടില്‍ മടങ്ങിയെത്തി. വീടും ഇയാള്‍ കൊട്ടിയത്ത് നടത്തി വന്ന വര്‍ക്ക്‌ഷോപ്പും രഹസ്യമായി നിരീക്ഷിച്ച പോലീസ്, കൊട്ടിയത്തെ വാടക വീട്ടില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.