പ്രളയക്കെടുതി : നിലമ്ബൂരില്‍ വിതരണം ചെയ്‌തത് 7.4 കോടി
കവളപ്പാറയിലും നിലമ്ബൂര്‍ താലൂക്കിലും പ്രളയദുരിതത്തിനിരയായവര്‍ക്ക് 7.40 കോടി രൂപ വിതരണം ചെയ്‌തു. കവളപ്പാറ ദുരന്തത്തില്‍ മരിച്ച 50 പേരുടെ അവകാശികള്‍ക്ക് നാല് ലക്ഷം വീതം അടിയന്തര സഹായം നല്‍കി. കരുളായി, ചോക്കാട്, വണ്ടൂര്‍, പോരൂര്‍ പഞ്ചായത്തുകളിലായി മരിച്ച നാലുപേരുടെയും വഴിക്കടവ് പഞ്ചായത്തിലെ രണ്ടുപേരുടെയും അവകാശികള്‍ക്ക് നാല് ലക്ഷം രൂപവീതവും കൈമാറി. ആകെ 54 പേരുടെ ആശ്രിതര്‍ക്ക് 2,16,00,000 രൂപ കൈമാറി. കവളപ്പാറയിലെ ഒമ്ബത് പേരുടെ അവകാശികള്‍ക്ക് ധനസഹായം നല്‍കാന്‍ ബാക്കിയുണ്ട്. ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കളെ കണ്ടെത്താന്‍ റവന്യു വകുപ്പ് നിയമോപദേശം തേടി. ഇത് ലഭിക്കുന്ന മുറയ്ക്ക് മാറ്റിവച്ച ഒമ്ബത് പേരുടെ നാല് ലക്ഷം രൂപവീതം കൈമാറും.
68 ക്യാമ്ബുകളിലുണ്ടായിരുന്ന 5190 പേര്‍ക്ക് അടിയന്തര സഹായമായി 5,19,00,000 രൂപ വിതരണം ചെയ്തു. രജിസ്റ്റര്‍ചെയ്ത ബാക്കിയുള്ളവര്‍ക്ക് ഉടന്‍ സഹായമെത്തിക്കും. ക്യാമ്ബിന് പുറത്ത് ബന്ധുവീടുകളിലും അയല്‍ വീടുകളിലും താമസിച്ചിരുന്നവരുടെ വിവരം റവന്യൂ വകുപ്പ് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഡിസംബറിനകം മുഴുവന്‍ പേര്‍ക്കും അടിയന്തര സഹായമായി 10,000 രൂപ നല്‍കും.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച നിലമ്ബൂര്‍ താലൂക്കിലെ മുഴുവന്‍ പേര്‍ക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്കുള്ള ആദ്യഗഡു ഈ മാസം ഉറപ്പാക്കും.
ദുരന്ത ഭീഷണി നേരിടുന്ന പോത്ത്കല്ല്, വഴിക്കടവ്, കുറുമ്ബലങ്ങോട്, കാളികാവ്, കരുവാരക്കുണ്ട്, പുള്ളിപ്പാടം വില്ലേജുകളിലായി 254 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. പോത്ത്കല്ല് വില്ലേജിലെ ദുരിതാശ്വാസ ക്യാമ്ബിലുള്ള 23 ആദിവാസി കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കും.
ഇതിനുള്ള ഭൂമി റവന്യൂവകുപ്പ് പണം നല്‍കി വാങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. കേന്ദ്രാനുമതി ലഭിച്ച 111.35 ഹെക്ടര്‍ വനഭൂമി ആദിവാസികള്‍ക്ക് പുനരധിവാസത്തിനായി കൈമാറാനുള്ള സര്‍വേയും പുരോഗമിക്കുകയാണ്.


0 Comments