എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താഴ്ന്ന തസ്തികയിലേക്കുള്ള നിയമനം അവസാനിപ്പിച്ചു




കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ താഴ്‍ന്ന തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലികനിയമനം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ശുചീകരണം, സുരക്ഷ എന്നിവയ്ക്കുള്ള താത്കാലിക ജീവനക്കാരെ കുടുംബശ്രീയില്‍നിന്നോ വിമുക്തഭടന്മാരുടെ അര്‍ധസര്‍ക്കാര്‍ ഏജന്‍സിയായ കെക്സോണില്‍നിന്നോ ദിവസക്കൂലിക്കെടുക്കാനാണ് നിര്‍ദേശം. എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ചെയ്ത ഏഴായിരത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയാണിത്.

പി.എസ്.സി. നിയമനത്തിന്റെ പരിധിയില്‍പ്പെടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലൂടെയാണ് നികത്തേണ്ടത് എന്നായിരുന്നു 2016-ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അല്ലാത്തപക്ഷം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. ഇതു മറികടന്നാണ് തൊഴില്‍വകുപ്പിനോട് ആലോചിക്കാതെ ധനവകുപ്പ് ഏകപക്ഷീയമായി ഒന്നരമാസംമുമ്ബ് ഉത്തരവിറക്കിയത്.

ഒഴിവുകള്‍ നികത്താന്‍ വകുപ്പുകള്‍ കുടുംബശ്രീയെയും കെക്സോണിനെയും സമീപിച്ചുതുടങ്ങി. തൃശ്ശൂരില്‍ ജയില്‍വാര്‍ഡന്റെ താത്കാലിക ഒഴിവിലേക്ക് 15 പേരുടെ പട്ടിക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നല്‍കിയെങ്കിലും അത് തിരിച്ചയച്ച്‌ കെക്സോണില്‍നിന്നാണ് നിയമനം നടത്തിയത്.