ഒരു വര്‍ഷത്തിനിടെ ബി.ജെ.പിയെ കൈവിടുന്ന അഞ്ചാമത്തെ സംസ്ഥാനമാകുമോ ജാര്‍ഖണ്ഡ് ?



ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മഹാസഖ്യത്തിന്റെ വിജയത്തിലേക്കാണ് നിലവിലെ ഫലസൂചനകള്‍ വിരല്‍ചൂണ്ടുന്നത്. മാന്ത്രിക സംഖ്യയായ 41 കടന്ന് മഹാസഖ്യം മുന്നേറുമ്ബോള്‍ നെഞ്ചിടിപ്പും നിരാശയുമേറുന്നത് ബി.ജെ.പി ക്യാമ്ബിലാണ്. നിലവിലെ ട്രെന്‍ഡില്‍ ഇനി നാടകീയ മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്തും.

ഇതോടെ ഒരു വര്‍ഷത്തിനിടെ ബി.ജെ.പിയുടെ ഉള്ളംകയ്യില്‍ നിന്നും വഴുതി പോകുന്ന അഞ്ചാമത്തെ സംസ്ഥാനമാകും ജാര്‍ഖണ്ഡ്. നിലവില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യം 42 സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ ബി.ജെ.പിക്ക് 29 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. ഇതേ ലീഡ് നില അവസാനം വരെ കാര്യമായ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറും ജാര്‍ഖണ്ഡിലെ ജനവിധി. കഴിഞ്ഞ 12 മാസത്തിനിടെ ബി.ജെ.പി കൈവിട്ടത് നാല് വന്‍ സംസ്ഥാനങ്ങളാണ്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ജനവിധി ബി.ജെ.പിക്ക് വിരുദ്ധമായത്.

ഈ പട്ടികയിലേക്കാണ് ജാര്‍ഖണ്ഡിന്റെയും സഞ്ചാരം.