പറശ്ശിനിക്കടവില്‍ കുഞ്ഞുങ്ങളുടെ സ്വർണ്ണാഭരണങ്ങൾ കവര്‍ച്ച ചെയ്ത ചമ്പാട്ടെ യുവതിക്കെതിരെ പരാതി പ്രവാഹം.



പറശ്ശിനിക്കടവില്‍നിന്ന് കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനു പോലീസ് പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന പാനൂരിനടുത്ത ചമ്പാട് സ്വദേശിനി ഷംന മോഷണത്തിനിറങ്ങുന്നത് ഭര്‍ത്താവുമൊന്നിച്ചാണെന്ന് പോലീസ്. ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ തളിപ്പറമ്ബ് പോലീസിനു ലഭിച്ചതായാണ് വിവരം.

കതിരൂര്‍, കല്ലാച്ചി, തൊട്ടില്‍പാലം, ചെറുവത്തൂര്‍, കോഴിക്കോട്, കൊയിലാണ്ടി, എസ്റ്റേറ്റ്മുക്ക്, ബാലുശ്ശേരി എന്നിവിടങ്ങളില്‍നിന്നും നിരവധിപേര്‍ തളിപ്പറമ്ബ് പോലീസില്‍ പരാതികള്‍ അറിയിച്ചിട്ടുണ്ട്.

ഇവരോടൊക്കെ രേഖാമൂലം പരാതികള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കതിരൂരില്‍നിന്നുള്ള പരാതിയില്‍ രണ്ടര പവന്റെ കാല്‍വള നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതി ഷംനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഇന്നലെ തന്നെ തളിപ്പറമ്ബ് പോലീസ് മജിസ്ട്രേറ്റ് മുമ്ബാകെ ഹരജി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷംനയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി പരാതിപ്പെട്ടവരോട് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി പരാതി നല്‍കാനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി ലഭിക്കുന്ന മുറയ്ക്കു ഷംനയുടെ പേരില്‍ കൂടുതല്‍ മോഷണ കേസുകള്‍ എടുക്കുമെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം മോഷണത്തിനിറങ്ങുന്ന ഷംന ഇത്തരത്തില്‍ വലിയ സമ്ബാദ്യമുണ്ടാക്കിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്ന് മോഷണ മുതലുകള്‍ വാങ്ങിയ പാനൂരിലെ ഒരു ജ്വല്ലറിയുടമയെപ്പറ്റിയുള്ള വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്. കാര്‍, ഓട്ടോറിക്ഷ എന്നിവ വാങ്ങിയതും ആവശ്യത്തിലേറെ ചെലവു ചെയ്ത് ആര്‍ഭാട ജീവിതം നയിച്ചതും മോഷണമുതല്‍ ഉപയോഗിച്ചാണെന്നാണ് പോലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.