സ്‌കൂളുകളില്‍ ഇനി 'വൃത്തിയുള്ള ശുചിമുറി'; 20 കോടി രൂപ അനുവദിച്ചു




തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 'വൃത്തിയുള്ള ശുചിമുറി' പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നു. ആരോഗ്യസുരക്ഷിതത്വത്തിലും ശുചിത്വസംരക്ഷണ സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിനും ഉതകുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേയും ശുചിമുറികള്‍ പുനരുദ്ധരിക്കുന്നതിന് 20 കോടി രൂപ അനുവദിച്ച്‌ ഉത്തരവായി.

ജനുവരിയോടെ ഇതിനുള്ള നടപടികള്‍ തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ 30 കുട്ടികള്‍ക്ക് ഒരു ശുചിമുറി എന്ന രീതിയില്‍ നിര്‍മ്മിച്ച്‌ വൃത്തിയുള്ള ശുചിമുറികള്‍ വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പ്രാപ്യമാക്കും. ആദ്യഘട്ടത്തില്‍ വയനാട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മ്മിക്കുന്നതിന് 1.5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കും.

ഇതോടൊപ്പം വയനാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പാക്കേജും സര്‍ക്കാര്‍ തയ്യാറാക്കി. 23 സ്‌കൂളുകള്‍ക്കായി 20 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്.

ജി.യു.പി.എസ്. പിണങ്ങോട്, ജി.എല്‍.പി.എസ് വിളമ്ബുകണ്ടം, ജി.എല്‍.പി.എസ് പനവല്ലി, ഗവ. എല്‍.പി.എസ് പാല്‍വെളിച്ചം, ജി.യു.പി.എസ് ബീനാച്ചി, ഗവ. എല്‍.പി.എസ് പുലിക്കാട്, ഗവ. എല്‍.പി.എസ് പെരുംതട്ട, ജി.യു.പി.എസ് കമ്ബളക്കാട്, സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി ജി.എല്‍.പി.എസ്, കൊട്ടനാട് ജി.യു.പി.എസ്, ഗവ. എച്ച്‌.എസ്, ഗവ. എച്ച്‌.എസ് കറുമ്ബാല, ചീക്കല്ലൂര്‍ എല്‍.പി.എസ്, ഗവ. യു.പി.എസ് ചെന്നലോട്, ജി.എല്‍.പി.എസ് പോരൂര്‍, ജി.എല്‍.പി സ്‌കൂള്‍ അരണപ്പാറ, കമ്ബളക്കാട് ഗവ. എല്‍.പി.എസ്, ഗവ. എല്‍.പി.എസ് പുളിയാര്‍മല, ഗവ. എല്‍.പി.എസ് വലിയപാറ, ഗവ. എല്‍.പി.എസ് പൂമല, ചിത്രഗിരി ഗവ. എല്‍.പി. സ്‌കൂള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പാടി, സുല്‍ത്താന്‍ബത്തേരി സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കാണ് പുതിയ കെട്ടിടം അനുവദിക്കുന്നത്. ഇവയുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.