ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; വരുമാനം സര്‍വകാല റെക്കോര്‍ഡിലേക്ക്



എരുമേലി: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10 മുതല്‍ 11.45 വരെ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചടങ്ങുകള്‍ നടക്കും. നാല്‍പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച്‌ രാത്രി 10 മണിക്ക് ഹരിവരാസനം ചൊല്ലി നടയടയ്ക്കും.

ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് പിന്നെ നട തുറക്കുക. ഈ സീസണില്‍ തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോര്‍ഡ് മറികടക്കുമെന്നാണ് ദേവസ്വംബോര്‍ഡിന്റെ കണക്കു കൂട്ടല്‍. 156 കോടി രൂപയ്ക്ക് മുകളിലാണ് വ്യാഴാഴ്ച വരെയുള്ള ശബരിമലയിലെ വരുമാനം.

കഴിഞ്ഞ വര്‍ഷം ഇതേ സമയം വരുമാനം 105 കോടി രൂപയായിരുന്നു. നാണയങ്ങള്‍ ഇതുവരെ എണ്ണിയിട്ടില്ല. അതുകൂടി എണ്ണി കഴിയുമ്ബോഴേക്കും സര്‍വകാല റെക്കോര്‍ഡിലേക്ക് വരുമാനം വന്നേക്കുമെന്നാണ് വിലയിരുത്തല്‍. ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന വ്യാഴാഴ്ച നടന്നു.

സൂര്യഗ്രഹണം കണക്കിലെടുത്ത് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. സൂര്യഗ്രഹണത്തെ തുടര്‍ന്ന് രാവില ഏഴര മുതല്‍ നാല് മണിക്കൂര്‍ സമയം നടയടയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.