അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം ഡോ. സി റോസ് ടോം ആനക്കല്ലുങ്കലിന്



ന്യൂഡല്‍ഹി > മലയാളിയായ ഡോ. സി റോസ് ടോം ആനക്കല്ലുങ്കലിന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌ക്കാരം. അരുണാചല്‍പ്രദേശിലെ വര്‍സാങില്‍ ആതുരശുശ്രൂഷ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ്, ലിബര്‍ട്ടീസ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പുരസ്‌ക്കാരം നല്‍കിയത്. മനുഷ്യാവകാശദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എസ് വൈ ഖുറേഷി പുരസ്‌ക്കാരം ഏറ്റുവാങ്ങി.

മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ ദീര്‍ഘകാലം ഗൈനക്കോളജിസ്റ്റായി ജോലിചെയ്തശേഷം അരുണാചലില്‍ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മേഖല സേവനത്തിന് തെരഞ്ഞെടുത്തു. ഇവിടെ ആദിവാസികള്‍ക്കിടയില്‍ മിയവോ രൂപതയ്ക്കുകീഴിലുള്ള ക്ലിനിക്കിലാണ് പ്രവര്‍ത്തിക്കുന്നത്. നാലുവര്‍ഷത്തെ റോസ് ടോമിന്റെ പ്രവര്‍ത്തനത്തിനിടെ മേഖലയിലെ പ്രവസത്തേടെയുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായെന്നും വന്‍കിട ആശുപത്രി ഉപേക്ഷിച്ച്‌ ചികിത്സാ സൗകര്യമില്ലാത്ത മേഖല സേവനത്തിന് തെരഞ്ഞെടുത്തതും മാതൃകാപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുരസ്‌ക്കാരം നല്‍കിയത്. പാലാ പയസ് മൗണ്ട് സ്വദേശിയായ റോസ് ടോം സേക്രഡ്ഹാര്‍ട്ട് സന്യാസിനി സമൂഹത്തിന്റെ പാലാ പ്രൊവിന്‍സ് അംഗമാണ്.