അഭയ കേസ് : മരണകാരണം തലയ്‌ക്കേറ്റ അടി
തിരുവനന്തപുരം > സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതമെന്ന് മൃതദേഹം പരിശോധിച്ച ഫോറന്‍സിക് വിദഗ്‌ധന്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനായിരുന്ന സി രാധാകൃഷ്ണപിള്ളയാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. തലയ്‌ക്കുകൊണ്ട അടിയും ശ്വാസകോശത്തില്‍ വെള്ളം കെട്ടിയതുമാണ് മരണ കാരണമെന്ന് അദ്ദേഹം മൊഴി നല്‍കി.
ചെറിയ കോടാലി പോലുള്ള ആയുധംകൊണ്ട് അടിച്ചത് നെറുകയിലാണ്. ഇതിന്റെ മുറിവ് തലച്ചോറില്‍ മാരകമായ ക്ഷതമുണ്ടാക്കി. അടിയില്‍ അഭയക്ക് ബോധം നഷ്ടപ്പെട്ടു. കിണറ്റില്‍ വീണപ്പോള്‍ വെള്ളം കുടിച്ചതിനാല്‍ ശ്വാസകോശത്തില്‍ കെട്ടിക്കിടന്നതും മരണകാരണമായി. തലയില്‍ ഏറ്റ മുറിവുകള്‍ കിണറ്റില്‍ വീണപ്പോള്‍ പറ്റിയതല്ല. ശരീരത്തിലെ മുറിവുകളാണ് കിണറ്റില്‍ വീണപ്പോള്‍ പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 1992 മാര്‍ച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. ഡോ.
രാധാകൃഷ്ണനാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. സിബിഐ അന്വേഷണം നടത്തിയപ്പോള്‍ വീണ്ടും കോണ്‍വെന്റ് സന്ദര്‍ശിച്ചിരുന്നുവെന്നും പറഞ്ഞു. രാധാകൃഷ്ണന്റെ രഹസ്യമൊഴിയും എടുത്തിരുന്നു. 21ന് കേസ് വീണ്ടും പരിഗണിക്കും.


0 Comments