പാതിവഴിയില്‍ കുടിയേറ്റ മ്യൂസിയം



ശ്രീകണ്ഠപുരം: മലബാര്‍ കുടിയേറ്റത്തിന്റെ നിത്യസ്മാരകമായി ചെമ്ബന്തൊട്ടിയില്‍ സ്ഥാപിക്കുന്ന ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി സ്മാരക മ്യൂസിയത്തിന്റെ നിര്‍മാണം പാതിവഴിയില്‍. 2015-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് ചെമ്ബന്തൊട്ടി ടൗണിനടുത്തായി തലശ്ശേരി അതിരൂപത നല്‍കിയ സ്ഥലത്ത് മ്യൂസിയത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടത്. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും ഒന്നാംഘട്ടത്തില്‍ ഒരുക്കിയ കെട്ടിടമല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.

സെന്റിന് രണ്ടുലക്ഷം രൂപ വിലവരുന്ന ഒരേക്കര്‍ സ്ഥലം തലശ്ശേരി അതിരൂപത ഇതിനായി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. സംസ്ഥാന പുരാവസ്തുവകുപ്പിനുകീഴില്‍ കിറ്റ്കോയ്ക്കാണ് നിര്‍മാണച്ചുമതല. പ്രമുഖ ആര്‍ക്കിടെക്‌ട് ആര്‍.കെ.രമേഷാണ് ഇതിന്റെ രൂപകല്‍പ്പന നടത്തിയത്.

ആദ്യഘട്ടത്തില്‍ 75 ലക്ഷം രൂപ സാംസ്കാരികവകുപ്പും 50 ലക്ഷം കെ.സി.ജോസഫ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുമാണ് അനുവദിച്ചത്. 1.25 കോടി രൂപകൊണ്ട് നിര്‍മാണംതുടങ്ങി. ചുറ്റുമതില്‍ കെട്ടുകയും കെട്ടിടംപണിത് ഓടുവെക്കുകയുംചെയ്തു.

ലളിതകലാ അക്കാദമിയുടെ കക്കണ്ണന്‍പാറയിലുള്ള കലാഗ്രാമത്തിന്റെ മാതൃകയിലായിരുന്നു നിര്‍മാണം. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനാണ് അന്ന് തീരുമാനിച്ചത്.

സമൂഹവിരുദ്ധരുടെ താവളം

നിലവില്‍ ഈ കെട്ടിടം സമൂഹവിരുദ്ധരുടെ താവളമായിമാറിയിട്ടുണ്ട്. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടവും പരിസരവും കാടുകയറി. ഓടുകളും മറ്റ് സാമഗ്രികളും കാലപ്പഴക്കംകൊണ്ട് നശിച്ചു. രണ്ടാംഘട്ടത്തിനായി വീണ്ടും എം.എല്‍.എ. ഫണ്ടില്‍നിന്നുള്ള 50 ലക്ഷമടക്കം 2.26 കോടി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ പണി തുടങ്ങിയില്ല.

രണ്ടാംഘട്ടത്തില്‍ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനായുള്ള കെട്ടിടംകൂടി നിര്‍മിക്കാനുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍വന്നശേഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സ്ഥലം സന്ദര്‍ശിച്ച്‌ നിര്‍മാണപുരോഗതി വിലയിരുത്തിയിരുന്നു. മറ്റ് നടപടികള്‍ ഒന്നുമുണ്ടായില്ല.

ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍

മലബാര്‍ കുടിയേറ്റത്തിലെ അതിജീവനം രേഖപ്പെടുത്തുന്ന മ്യൂസിയം എന്ന നിലയിലായിരുന്നു ഈ പദ്ധതി തുടങ്ങിയത്. തറക്കല്ലിടലിനുമുന്‍പായി ചെമ്ബന്തൊട്ടിയില്‍ ചരിത്രകാരന്‍മാരെ അണിനിരത്തി സെമിനാര്‍ നടത്തിയിട്ടായിരുന്നു മ്യൂസിയത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച്‌ ആസൂത്രണം നടത്തിയത്. കുടിയേറ്റജനതയുടെ സ്വപ്നങ്ങള്‍ക്കൊപ്പം നടന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ പേരാണ് മ്യൂസിയത്തിന് നല്‍കിയത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, തിരുവിതാംകൂര്‍ ചരിത്രം, മറ്റ് ചരിത്രസംഭവങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവകൂടാതെ മ്യൂസിയത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ കെ.സി.ജോസഫ് എം.എല്‍.എ. ചെയര്‍മാനായ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. നിടിയേങ്ങ കക്കണ്ണന്‍പാറയിലെ ലളിതകലാ അക്കാദമിയുടെ കലാഗ്രാമത്തിന് സമീപത്തായി കുടിയേറ്റ മ്യൂസിയം പൂര്‍ത്തിയായാല്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

മലബാര്‍ കുടിയേറ്റം

1920 മുതല്‍ തിരുവിതാംകൂറില്‍നിന്ന്‌ മലബാറിലെ മലയോരമേഖലയിലേക്ക് എഴുപതുകളുടെ അവസാനകാലംവരെ നടന്ന കുടിയേറ്റമാണ് മലബാര്‍ കുടിയേറ്റം എന്നറിയപ്പെടുന്നത്. 1940 മുതല്‍ 60 വരെയാണ് ഇതിന്റെ പാരമ്യഘട്ടമായിരുന്നത്. പ്രധാനമായും മധ്യതിരുവിതാംകൂറില്‍നിന്നുള്ള സുറിയാനി കത്തോലിക്കരായിരുന്നു കുടിയേറ്റക്കാരില്‍ ഏറെയുമെങ്കിലും ഇതര ക്രിസ്ത്യന്‍വിഭാഗങ്ങളും ചെറിയതോതില്‍ നായര്‍, ഈഴവ വിഭാഗങ്ങളും പങ്കാളികളായിരുന്നു. ഈ കുടിയേറ്റം വടക്കുകിഴക്കന്‍ മലബാറില്‍ ജനസംഖ്യാപരമായും സാമ്ബത്തികമായും സാമൂഹികമായും ഒട്ടേറെ മാറ്റങ്ങള്‍ക്ക് കാരണമായി. 1931 മുതല്‍ 71 വരെ ഈ പ്രദേശത്തെ ജനസംഖ്യ 15 ഇരട്ടിയോളമായി വര്‍ധിച്ചുവെന്നാണ് കണക്ക്.